ഇയർ ബഡ്ഡുകളുടെ ദീർഘനേര ഉപയോഗം; കേൾവിക്ക് മാത്രമല്ല, ചർമത്തിനും പ്രശ്നം

കയ്യിൽ സമാർട്ട് ഫോൺ എന്ന പോലെ ചെവിയിൽ ഇയർബഡ്ഡുകൾ ഇല്ലെങ്കിൽ അസ്വസ്ഥരാവുന്ന ചെറുപ്പക്കാരാണ് കൂടുതലും. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോഴും കിടക്കുമ്പോഴും പണിയെടുക്കുമ്പോൾ വരെ ഇയർബഡ്ഡുകൾ ചെവിയിൽ ഉണ്ടാവണം. എന്നാൽ ദീർഘനേരം ഇത്തരത്തിൽ ഇയർബഡ്ഡുകൾ ഉപയോ​ഗിക്കുന്നത് കേൾവിയെ മാത്രമല്ല, ചർമത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ദീർഘനേരം ഇയർബഡ്ഡുകൾ ധരിക്കുന്നതിലൂടെ ചെവിക്ക് ചുറ്റുമുള്ള ചർമത്തിന് അസ്വസ്ഥതയും ചൂടും സമ്മർദവും ഉണ്ടാക്കാം. ഇത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാനും വീക്കമുണ്ടാക്കാനും സാധ്യത കൂട്ടുന്നു. ഇത് ‘ആക്നെ മെക്കാനിക്ക’ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമായേക്കാം. ചില ആളുകളിൽ മുഖക്കുരുവിന്റെ രൂപത്തിലും മറ്റു ചിലരിൽ തിണർപ്പുകളായും ഇത് കാണപ്പെടാം.

ഇയർബഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സിലിക്കൺ പോലുള്ള വസ്തുക്കളുണ്ടാക്കുന്ന അസ്വസ്ഥതയോ, ഇയർബഡ്ഡിലൂടെ പകരുന്ന ബാക്ടീരിയകളോ മറ്റു ചെറിയ അണുബാധകളോ ആകാം ഇതിനു കാരണം. ചില കേസുകളിൽ അലർജികൾ പോലെ ചുവപ്പും ചൊറിച്ചിലുമുണ്ടാകുന്ന പാടുകൾ പ്രത്യക്ഷപ്പെടാം. വേദനയുള്ള പഴുപ്പ് നിറഞ്ഞ കുരുക്കളായും ഇവ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഇയർബഡ്ഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

  • ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് ഇയർബഡുകൾ പതിവായി വൃത്തിയാക്കുക.
  • ഇയർബഡ്ഡുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക.
  • ഓരോ രണ്ടോ മണിക്കൂർ കൂടുമ്പോൾ ഇയർബഡ് ഊരിവെക്കുക.
  • ഓവർഇയർ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

Be the first to comment

Leave a Reply

Your email address will not be published.


*