പാര്‍ലമെന്റില്‍ ശരത്ക്കാല ബജറ്റ് നവംബര്‍ 26ന്; സകല നികുതികളും വര്‍ധിക്കും?

പാര്‍ലമെന്റില്‍ ശരത്ക്കാല ബജറ്റ് നവംബര്‍ 26ന് അവതരിപ്പിക്കാനിരിക്കെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ തയ്യാറായിരിക്കാൻ സാമ്പത്തിക വിദഗ്ധര്‍ ബ്രിട്ടീഷ് ജനതയോട് ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ അഞ്ചു ബില്യണ്‍ വരുന്ന ധനക്കമ്മി നികത്തുന്നതിനും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുമായി ബ്രിട്ടീഷ് മധ്യവര്‍ത്തി സമൂഹത്തിന് മേല്‍ കനത്ത നികുതി ഭാരം ചുമത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എകദേശം ഒരു മാസത്തോളം വൈകിയാണ് ഇത്തവണ ശരത്ക്കാല ബജറ്റ് അവതരിപ്പിക്കുന്നത്.

പെന്‍ഷന് മേല്‍ നികുതി ചുമത്തുക, സേവിംഗ്‌സ്, വീട് എന്നിങ്ങനെ ഒട്ടുമിക്ക വ്യക്തിഗത സ്വത്തിലും നികുതി ചുമത്തുക എന്നിവയൊക്കെയായിരിക്കും ചാന്‍സലറുടെ ലക്ഷ്യം എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ധനകാര്യ വകുപ്പില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വരുമാന നികുതിയിലും നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലാളികളുടെ വിഹിതത്തിലും വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് ലേബര്‍ പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും റെസലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ വരുമാന നികുതിയില്‍ രണ്ടു പെന്‍സിന്റെ വര്‍ദ്ധനവിനായി നിര്‍ദ്ദേശമുണ്ട്. നാഷണല്‍ ഇന്‍ഷൂറന്‍സിന്റെ തൊഴിലാളി വിഹിതത്തില്‍ തുല്യമായ തുകയുടെ ഇളവും അവര്‍ ആവശ്യപ്പെടുന്നു.

ഇത് തൊഴിലാളികള്‍ക്ക് അധിക ചെലവ് ഉണ്ടാക്കില്ലെങ്കിലും, ഇതുവരെ നാഷണല്‍ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യാത്ത അധിക വരുമാനം സര്‍ക്കാരിന് നല്‍കും. സേവിംഗ്‌സ് പലിശ, ഡിവിഡന്റുകള്‍, വാടക എന്നിവയ്ക്ക് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന, സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞവര്‍ക്കുള്ള വരുമാനവും നികുതി കണക്കാക്കാന്‍ പരിഗണിക്കും. അത്തരത്തിലുള്ള ഒരു നീക്കം വഴി ആറു ബില്യണ്‍ പൗണ്ട് അധികമായി ശേഖരിക്കാന്‍ കഴിയുമെങ്കിലും അത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി തെളിക്കും എന്നതുറപ്പാണ്. മാത്രമല്ല, പണപ്പെരുപ്പ നിരക്കിനനുസരിച്ച് വരുമാന നികുതിക്കുള്ള പരിധി വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ഒരുപക്ഷെ നിങ്ങല്‍ ഉയര്‍ന്ന ടാക്സ് ബാന്‍ഡില്‍ ഉള്‍പ്പെടാം. അങ്ങനെയെങ്കില്‍, നിങ്ങളുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് കൂടുതല്‍ തുക അടയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാനാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അതുപോലെ ഇന്‍ഹെരിറ്റന്‍സ് ടാക്സ് നിര്‍ണ്ണയിക്കുന്നതില്‍ ഒരു ആയുഷ്‌ക്കാല പരിധി നിശ്ചയിക്കാന്‍ ഇടയുണ്ട്. അതായത് മാതാപിതാക്കള്‍ക്കും, മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ട മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും നികുതിയില്ലാതെ നല്‍കാന്‍ കഴിയുന്ന തുകയ്ക്ക് ഒരു പരിധി നിശ്ചയിക്കപ്പെട്ടേക്കാം. ഇന്‍ഹെരിറ്റന്‍സ് ടാക്സ് ഒഴിവാക്കുന്നതിനുള്ള ഏറ്റവും ബുദ്ധിപൂര്‍വ്വമായ മാര്‍ഗ്ഗം നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്ക് കൈമാറുക എന്നതാണ്. നിലവില്‍, ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 3000 പൗണ്ട് വരെ നികിതിയില്ലാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനിക്കാം

എന്നാല്‍, സമ്മാനം നല്‍കുന്ന വ്യക്തി ഏഴ് വര്‍ഷത്തിനുള്ളില്‍ മരണമടയുകയാണെങ്കില്‍ എച്ച് എം ആര്‍ സി അവര്‍ നല്‍കിയ സമ്മാനങ്ങളുടെ മൂല്യത്തിന് മേല്‍ ഇന്‍ഹെരിറ്റന്‍സ് ടാക്സ് ചുമത്തും. 2027 മുതല്‍, ചെലവഴിക്കാത്ത പെന്‍ഷന്‍ തുകയ്ക്ക് മേലും ഇന്‍ഹെരിറ്റന്‍സ് ടാക്സ് ചുമത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ചതോടെ ഇത്തരത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സമ്മാനം നല്‍കുന്ന പ്രവണത കൂടുതലായിട്ടുണ്ട്. നിങ്ങള്‍ അടുത്ത തലമുറയ്ക്ക് ധനം സമ്മാനമായി നല്‍കാന്‍ ആലോചിക്കുന്നുവെങ്കില്‍ അത് ഇപ്പോള്‍ തന്നെ നല്‍കുന്നതായിരിക്കും ഉത്തമം.

Be the first to comment

Leave a Reply

Your email address will not be published.


*