519.41 കോടി, അഹമ്മദാബാദില്‍ ലുലു ഗ്രൂപ്പിന്റെ വന്‍ ഭൂമി ഇടപാട്, സ്റ്റാംപ് ഡ്യൂട്ടി മാത്രം 31 കോടി

ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്ന ലുലു ഗ്രൂപ്പ് അഹമ്മദാബാദില്‍ നടത്തിയത് വന്‍ തുകയുടെ ഭൂമിയിടപാട്. 16.35 ഏക്കര്‍ ഭൂമിയാണ് ലുലു ഗ്രൂപ്പ് അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 519.41 കേടി രൂപയാണ് ഭൂമിയുടെ വില. വില്‍പ്പനയിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് 31 കോടി രൂപയുടെ വരുമാനം ലഭിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലെ ചന്ദ്ഖേഡയിലാണ് ലുലു ഗ്രൂപ് ഭൂമി വാങ്ങിയത്. അഹമ്മദാബാദിലെ ഏറ്റവും വലിയ ഭൂമി ഇടപാടാണിതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇടപാട് തുക, സ്റ്റാമ്പ് ഡ്യൂട്ടി വരുമാനം എന്നിവ കണക്കിലെടുത്താണ് അഹമ്മദാബാദ് നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഭൂമി വില്‍പ്പന എന്ന വിലയിരുത്തല്‍. 300 മുതല്‍ 400 കോടി രൂപ വരെ വിലയുള്ള വില്‍പ്പന രേഖകള്‍ ആണ് ഇതിന് മുന്‍പ് അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചതുരശ്ര മീറ്ററിന് 78,500 എന്ന നിരക്കിലാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി സ്വന്തമാക്കിയത്. 2024 ജൂണ്‍ 18 ന് ലേലത്തിലൂടെ ആയിരുന്നു ഭൂമി സ്വന്തമാക്കിയത്. 99 വര്‍ഷത്തേക്ക് ലീസ് ആയി ഭൂമി അനുവദിക്കുക എന്നതില്‍ മാറ്റം വരുത്തിയാണ് ഭൂമി വില്‍പ്പനയ്ക്ക് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയിലെ മാറ്റം. മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ള വലിയ പദ്ധതികള്‍ ലുലു ഇവിടെ യാഥാര്‍ത്ഥ്യമാക്കും. മികച്ച കണക്റ്റിവിറ്റി, ഹൈവേ സൗകര്യം, ഉയര്‍ന്ന വാണിജ്യ സാധ്യതകള്‍ എന്നിവയുള്ള് എസ്.പി. റിങ് റോഡിലെ ഭൂമി മികച്ച സാധ്യതയാണ് തുറക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*