സാലഡിൽ ആണെങ്കിലും സാമ്പാറിലാണെങ്കിലും കാരറ്റ് ഒരു പ്രധാന ചേരുവയാണ്. കാരറ്റിനെ അങ്ങനെ വെറുമൊരു പച്ചക്കറിയായി മാത്രം കാണരുത്, ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. കാരറ്റ് ദിവസവും കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കാഴ്ചയ്ക്ക്
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് സഹായകരമായ വിറ്റാമിൻ എ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവയുമടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്.
ആന്റിഓക്സിഡൻ്റുകളുടെ കലവറ
കാരറ്റിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്ക് ഉണ്ടാകാവുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം, ചില കാൻസറുകൾ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ദഹനത്തിന് സഹായിക്കും
നാരുകൾ ധാരാളം അടങ്ങിയ കാരറ്റ് ദഹനെ മികച്ചതാക്കുന്നു. ഇത് മലബന്ധം തടയാനും വയറ്റിൽ ബ്ലോട്ടിങ്, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും
കാരറ്റിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. കാരറ്റിൽ കുറഞ്ഞ രീതിയിൽ മധുരം ഉണ്ടെങ്കിലും ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല.
ചർമത്തിന്റെ ആരോഗ്യം
കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ, ആരോഗ്യമുള്ള ചർമം നിലനിർത്താൻ സഹായിക്കുന്നു. ഈ ആന്റിഓക്സിഡന്റുകൾക്ക് സൂര്യാഘാതം കുറയ്ക്കാനും അകാല വാർധക്യം തടയാനും കഴിയും.



Be the first to comment