പി എം ശ്രീ പദ്ധതിയിൽ ചർച്ച ഒഴിവാക്കിയത് സിപിഐയുടെ എതിർപ്പ് ഭയന്ന്. ഒപ്പിടുന്ന കാര്യം ചർച്ചയ്ക്ക് വെച്ചാൽ സിപിഐ എതിർക്കും എന്ന് സൂചന ലഭിച്ചിരുന്നു. ചർച്ച നടത്താത്തത് വീഴ്ചയാണെന്നാണ് സിപിഐഎം വിലയിരുത്തൽ. അതേസമയം കേന്ദ്രമന്ത്രിയുടെ കത്തിനെ തുടർന്നാണ് ധാരണാപത്രത്തിൽ ഒപ്പിടാൻ നീക്കം തുടങ്ങിയത്.
കത്ത് ലഭിച്ചതോടെ ധാരണപത്രം ഒപ്പിടാൻ അനുമതി തേടി വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി മന്ത്രിക്ക് ഫയൽ അയച്ചു. ധാരണപത്രം ഒപ്പു വച്ചില്ലെങ്കിൽ വകുപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ ആകുമെന്ന് ഫയലിൽ സെക്രട്ടറിയുടെ കുറിപ്പ് ഉണ്ടായിരുന്നു. ഇതര വകുപ്പുകൾ കേന്ദ്ര പദ്ധതികൾ സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടി മന്ത്രി വി ശിവൻകുട്ടിയും സെക്രട്ടറിയോട് യോജിച്ചു. ഇതിന് പിന്നാലെയാണ് ധാരണപത്രം ഒപ്പുവെച്ചത്.
അതേസമയം പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിന് എതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഐ. ഒപ്പു വെച്ചതിന് എതിരെ ശക്തമായ സമ്മർദം ഉയർന്നിട്ടും സിപിഐഎം നേതൃത്വത്തിൽ നിന്ന് വിട്ടുവീഴ്ച ഇല്ലാത്ത സാഹചര്യത്തിലാണ് 27ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത നടപടി തീരുമാനിക്കാൻ ആലോചിക്കുന്നത്. മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതിനൊപ്പം മറ്റ് നടപടികൾ കൂടി ആലോചിക്കാനാണ് ധാരണ.
സിപിഐഎമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്ന വികാരവും സിപിഐ നേതൃത്വത്തിൽ ശക്തമാണ്. എൽഡിഎഫിൽ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതിഷേധ നടപടികളാണ് സിപിഐ ആലോചിക്കുന്നത്. എക്സിക്യൂട്ടീവ് യോഗത്തിന് മുൻപ് സിപിഐഎമ്മിൽ നിന്ന് ചർച്ചക്ക് നീക്കമുണ്ടായാൽ സഹകരിക്കാനും ഇന്നലെ ചേർന്ന സംസ്ഥാന സെക്രേട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. ചർച്ചയുടെ വിശദാംശങ്ങൾ എക്സിക്യൂട്ടീവ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും.



Be the first to comment