‘ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി; പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് കേരളത്തിൽ’; എംഎ ബേബി

പിഎം ശ്രീ വിഷയത്തിൽ ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നില്ലെന്ന കെ പ്രകാശ് ബാബുവിന്റെ ആരോപണം തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രകാശ് ബാബുവിനെ പോലുള്ള നേതാക്കളുടെ പ്രതികരണത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ പരിഹാരമായില്ലെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്ന് എംഎ ബേബി  പറഞ്ഞു.

‌താൻ നിസ്സഹായ അവസ്ഥയിലാണോ പെരുമാറിയത് എന്ന് പ്രകാശ് ബാബു ഡി രാജയോട് ചോദിക്കണമെന്ന് എംഎ ബേബി പറഞ്ഞു. ഡി രാജക്ക് പരാതിയുണ്ടെങ്കിൽ അദ്ദേഹം തന്നെ ബന്ധപ്പെടും. കേരളത്തിലാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ളവർക്ക് അത് മനസ്സിലാകും.അവിടെ ചർച്ച ചെയ്ത് തീരുമാനിക്കാൻ പ്രയാസമുണ്ടെങ്കിൽ കേന്ദ്രനേതൃത്വം ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി.

വളരെ സൗഹൃദപരമായാണ് ഡി രാജയും താനും സംസാരിച്ചത്. തന്റെ ഭാഗം ശ്രദ്ധാപൂർവ്വം ഡി രാജ കേട്ടുവെന്ന് എംഎ ബേബി പറഞ്ഞു.  സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉന്നയിച്ച ചോദ്യങ്ങളിൽ എല്ലാം സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് മൗനമായിരുന്നുവെന്ന് പ്രകാശ് ബാബു പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎ ബേബി.

സംസ്ഥാനം എന്തുകൊണ്ട് നിയമ പോരാട്ടം നടത്തുന്നില്ല എന്നതടക്കം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുവെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെയാണ് എം എ ബേബിയെ കണ്ടത്. എംഎ ബേബിയുടെ മൗനം തന്നിൽ വിഷമം ഉണ്ടാക്കി എന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*