‘തമിഴ്‌നാടിനെപ്പോലെയല്ല കേരളം; കൊച്ചു കുട്ടികളൊന്നുമല്ല നാടു ഭരിക്കുന്നത് ‘

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും അതത് വകുപ്പുകളുടേയും ഉത്തരവാദിത്തമാണെന്ന് മന്ത്രി സജി ചെറിയാന്‍. ആ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. പക്ഷെ ബിജെപി സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ നയവും കേരളത്തില്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ലെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്. ഇവിടെ ആര് എന്തെഴുതിവെക്കുമെന്നാണ് പറയുന്നത്. ഇതെന്താ കൊച്ചു കുട്ടികളാണോ നാടു ഭരിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.

രണ്ടു പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നുവെങ്കിലും ഹൃദയം കൊണ്ട്  സിപിഐയും സിപിഎമ്മും ഒരു പാര്‍ട്ടിയാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യം ബോധ്യപ്പെടുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരിച്ചു കൊല്ലുകയാണ്. സംസ്ഥാനത്തിന് കിട്ടേണ്ട കോടിക്കണക്കിന് രൂപയാണ് പല കാരണങ്ങളാല്‍ പിടിച്ചുവെക്കുന്നത്. ഇത് ആരുടേയും ഔദാര്യമല്ല, സംസ്ഥാനത്തു നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണത്തിന്റെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതമാണ്. ഈ വിഹിതം കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് തരുമ്പോള്‍ പല കാര്യങ്ങള്‍ പറഞ്ഞു പിടിച്ചുവെക്കുന്ന സ്ഥിതി വിശേഷമാണ്. അതിലൊന്നാണ് പിഎം ശ്രീ യെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പദ്ധതിയില്‍ 1500 കോടി രൂപയാണ് ലഭിക്കുന്നത്. 42 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. ഇതില്‍ 5 ലക്ഷം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യത്തെയും ബാധിക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തെയും പതിനായിരത്തോളം ജീവനക്കാരെയും ബാധിക്കും. വിദ്യാഭ്യാസമന്ത്രി പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയത്, വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1460 കോടി രൂപ കിട്ടാതെ വന്നാലുള്ള പ്രതിസന്ധി വളരെ വലുതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസിലോ കരിക്കുലത്തിലോ, അവര്‍ പറയുന്ന തരത്തില്‍ ഒരു വ്യത്യാസവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയും അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഏതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വരുന്ന വിഷയങ്ങള്‍ സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒരുമിച്ച് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാമെന്ന് പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി നിലപാട് അറിയിച്ചിട്ടുണ്ട്. അതല്ല, സിപിഐക്ക് കുറേക്കൂടി വിശ്വാസമായ രൂപത്തില്‍ കാര്യങ്ങള്‍ നടത്തണമെങ്കില്‍ സിപിഎം നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കും.

വിദ്യാഭ്യാസം സ്‌റ്റേറ്റിന്റെ വിഷയമായതിനാല്‍, ഇവിടെ സിലബസും കരിക്കുലവും ഉണ്ടാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട്, ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഐക്ക് ആശങ്ക ഉണ്ടാകാം. ആ ആശങ്കയെ ഞങ്ങളാരും കുറച്ചു കാണുന്നില്ല. ആശങ്ക എന്താണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കാനിടയായ സാഹചര്യം മന്ത്രി തന്നെ നേരിട്ട് ചെന്ന് വിശദീകരിച്ചു. എന്നിട്ടും ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി വ്യക്തത വേണമെന്നതാണ് അവരുടെ ആവശ്യം. അക്കാര്യങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഉത്തരവ് കോടതിയില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി 10 പൈസ പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. തമിഴ്‌നാട് സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥയല്ല കേരളത്തിന്റേതെന്ന കാര്യവും മനസ്സിലാക്കണം. തമിഴ്‌നാട് കേരളത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള സ്റ്റേറ്റാണ്. സാമ്പത്തികമായും കേരളത്തേക്കാള്‍ ശക്തിയുണ്ട്. അത്രയും വലിയ സാമ്പത്തിക ശക്തിയൊന്നും കേരളത്തിനില്ല. കൃഷിയും കൊച്ചുകൊച്ചു കാര്യങ്ങളുമാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്. എന്നാല്‍ അവര്‍ മുടക്കുന്നതിനേക്കാള്‍ എത്ര ഇരട്ടിയാണ് വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ മുടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ എതാണ്ടെല്ലാം നമ്മള്‍ നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 1500 കോടി രൂപ വലിയ തുകയാണ്. ഈ തുക സ്വീകരിക്കുന്നതിന് കേന്ദ്രത്തിന് എല്ലാം വിധേയമായി കീഴ്‌പ്പെട്ടു എന്ന ധാരണ വേണ്ട. അവരു പറഞ്ഞതെല്ലാം കേള്‍ക്കാനല്ല ഞങ്ങളിരിക്കുന്നത്. വൈകീട്ട് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ”അവര്‍ വരുമല്ലോ. സ്വാഭാവികമല്ലേ”. മന്ത്രി വ്യക്തമാക്കി.

 

 

Be the first to comment

Leave a Reply

Your email address will not be published.


*