വോട്ടർപട്ടിക പരിഷ്കരണം: വിദ്യാർഥികളെ അംബാസഡർമാരാക്കാൻ തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സഹായമേകാൻ സ്കൂൾ, കോളജ് വിദ്യാർഥികളെ അംബാസഡർമാരായി നിയമിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ സർക്കുലർ പുറത്തിറക്കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഉദ്യോഗസ്ഥരായ ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) ജോലിഭാരം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശങ്ക ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച് വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയത് പരിഷ്കരണവുമായി മുന്നോട്ടു പോകാനാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുമായുള്ള ചർച്ചയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിഷയം വീണ്ടും ഉന്നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ബിഎൽഒമാർക്ക് സഹായത്തിനായി വിദ്യാർഥി അംബാസഡർമാരെ നിയോഗിക്കാനുള്ള തീരുമാനം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും കുറഞ്ഞത് രണ്ടുപേരെയും പരമാവധി അഞ്ചുപേരെയും ഉൾപ്പെടുത്തി അംബാസഡർമാരുടെ സംഘത്തെ നിയമിക്കാനാണ് നിർദേശം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവർക്ക് ഓൺലൈനായും ഓഫ്ലൈനായും പരിശീലനം നൽകും.

പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുക, വോട്ടിങ് സംബന്ധിച്ച ബോധവത്‌കരണ കാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് അംബാസഡർമാർ നിർവഹിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന അംബാസഡർമാർ ഇലക്ടറൽ ലിറ്ററസി ക്ലബ് (ഇഎൽസി) അംഗങ്ങളായിരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്ന് ഇഎൽസികൾക്ക് യഥാക്രമം 25,000 രൂപ, 50,000 രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ പ്രതിഫലം നൽകുമെന്നും സർക്കുലറിൽ വിശദമാക്കുന്നു.

അംബാസഡർമാർക്കുള്ള ചുമതലകൾ

ബോധവത്‌കരണം വർധിപ്പിക്കുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുക, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് 30 സെക്കൻഡിൽ താഴെയുള്ള വിഡിയോകൾ നിർമിക്കുക, ഇൻ്ററാക്റ്റീവ് സെഷനുകളും ക്ലാസുകളും സംഘടിപ്പിക്കുക എന്നിവ സർക്കുലറിൽ വിശദീകരിക്കുന്ന പ്രധാന ചുമതലകളാണ്. സ്കൂൾ, കോളജ് കാമ്പയിനുകൾ സംഘടിപ്പിക്കുക, പുതിയ വോട്ടർമാരുടെയും വോട്ടർ പട്ടികയിൽ പേരില്ലാത്തവരുടെയും പേര് രജിസ്റ്റർ ചെയ്യിക്കുക, പ്രവർത്തനങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

വോട്ടർ പട്ടിക പരിഷ്കരണത്തിന് കൂടുതൽ ബിഎൽഒമാർ

സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണത്തിനായി 6300 ബിഎൽഒമാരെ കൂടി ഉൾപ്പെടുത്താൻ ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ യു ഖേൽക്കറും സംസ്ഥാനത്തെ ജില്ലാ കലക്ടർമാരും ചേർന്ന യോഗത്തിൽ തീരുമാനമായി. ഇന്നും നാളെയുമായി ജില്ലാതലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കും. ഒക്ടോബർ 31ഓടെ ബിഎൽഒമാരുടെ പരിശീലനം പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായതായി രത്തൻ യു ഖേൽക്കർ അറിയിച്ചു. വിദ്യാർഥി അംബാസഡർമാർക്കും കരാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ജില്ലകളിൽ ഹെൽപ് ഡെസ്കുകൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Be the first to comment

Leave a Reply

Your email address will not be published.


*