‘ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതി’; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതിയെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. അടുത്ത ആഴ്ച യൂറോപ്യൻ യൂണിയൻ സംഘം അടുത്തഘട്ട ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കും. കരാർ എത്രയും വേഗം പൂർത്തിയാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നവംബർ അവസാനം ഇ.യു ട്രേഡ് കമ്മീഷണർ മാരോസ് സെഫ്‌കോവിച്ച് ഇന്ത്യ സന്ദർശിക്കും. ന്യായവും തുല്യവും സന്തുലിതവുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ഇരു വിഭാഗവും പ്രവർത്തിക്കുന്നുവെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്നുകിട്ടും.

നേരത്തെ യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവെച്ചിരുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്പിലെ വിശാലമായ വിപണി ഏതാണ്ട് പൂര്‍ണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. ഇന്ത്യയില്‍നിന്നുള്ള മരുന്നുകള്‍, ടെക്‌സ്റ്റൈല്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണി ലഭിക്കും. ഇതിന് പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിക്കും. സാങ്കേതികവിദ്യ കൈമാറ്റങ്ങള്‍ എളുപ്പമാകും. ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കാണ് വഴിതുറക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*