ഇനി ടിക്കറ്റ് എടുത്തില്ല, അല്ലെങ്കിൽ ടിക്കറ്റ് എടുക്കാൻ വൈകി എന്നോർത്ത് ടെൻഷനടിക്കണ്ട. ട്രെയിനിൽ കയറിയതിന് ശേഷവും നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ സ്റ്റേഷൻ പരിധിയിൽ നിന്നുകൊണ്ട് തന്നെ ഇനി എളുപ്പം ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനായി ഐആർസിടിസി ആപ്പോ ( IRCTC) അല്ലെങ്കിൽ യുടിഎസ് (UTS) ആപ്പോ ഉണ്ടായാൽ മതി. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ടിക്കറ്റ് എടുക്കാൻ സാധിച്ചില്ലെങ്കിൽ ഈ വഴി ഉപയോഗിക്കാം. അതിന് ഒന്നുകിൽ നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്തോ അല്ലെങ്കിൽ ട്രെയിനിൽ പ്രവേശിച്ച് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകൾക്കുള്ളിലോ ആയിരിക്കണം. എങ്കിൽ മാത്രമേ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
ടിക്കറ്റ് ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം
ഓപ്ഷൻ 1
- ഐആർസിടിസി ആപ്പ് അല്ലെങ്കിൽ സമാനമായ ആപ്പ്: നിങ്ങളുടെ ഫോണിൽ ഐആർസിടിസി റെയിൽ കണക്ട് ആപ്പോ അല്ലെങ്കിൽ കൺഫോം ടിക്കറ്റ്, ഇക്സിഗോ തുടങ്ങി മറ്റ് ആപ്പുകളോ ഉണ്ടായിരിക്കണം.
- ടിക്കറ്റ് ബുക്ക് ചെയ്യുക: ആപ്പിൽ ലോഗിൻ ചെയ്തതിന് ശേഷം പുറപ്പെടുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും കൊടുക്കുക. ശേഷം ട്രെയിനും തിയതിയും നൽകുക. ഇത്രയും ചെയ്യുമ്പോൾ പാസഞ്ചർ ഡീറ്റെയിൽസ് എന്നൊരു ഓപ്ഷൻ ഉണ്ടാകും. ഇത് ടാപ്പ് ചെയ്ത് വിവരങ്ങൾ നൽകിയതിന് ശേഷം കൺഫോം ടിക്കറ്റ് എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.
- റിസർവേഷൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ: ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപും ഈ ആപ്പ് ഉപയോഗിച്ച് ഇതേ രീതിയിൽ റിസർവേഷൻ ടിക്കറ്റുകളും ബുക്ക് ചെയ്യാൻ സാധിക്കും. പക്ഷേ സീറ്റ് ലഭ്യത പരിമിതമായിരിക്കും.
ഓപ്ഷൻ 2
യുടിഎസ് (UTS) ആപ്പ് ഉപയോഗിക്കുക
പ്രധാനമായും ജനറൽ ടിക്കറ്റ് ബുക്കിങ്ങിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ആപ്പ് പ്രവർത്തിക്കുന്നതിന് നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്തിന് പുറത്തോ ട്രാക്കുകളിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയോ ആയിരിക്കണം. ഇത് ഉറപ്പാക്കാൻ ആപ്പ് ജിപിഎസ് ഉപയോഗിക്കുന്നു.
- ടിക്കറ്റ് ബുക്ക് ചെയ്യുക: യുടിഎസ് ആപ്പ് തുറന്ന് ബുക്ക് പേപ്പർ ലെസ് എന്ന ഓപ്ഷൻ ടാപ്പ് ചെയ്ത് എത്തിച്ചേരേണ്ട സ്റ്റേഷനും പുറപ്പെടുന്ന സ്റ്റേഷനും നൽകുക. ശേഷം ടിക്കറ്റ് ഡീറ്റെയിൽസ് കൊടുത്ത് ബുക്ക് പേമെൻ്റ് ടാപ്പ് ചെയ്ത് പേമെൻ്റ് ചെയ്യുക. തുടർന്ന് യാത്ര ചെയ്യുമ്പോൾ ഈ ടിക്കറ്റ് കാണിച്ചാൽ മതിയാകും.



Be the first to comment