തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്കരണത്തിന് നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന നടപടിക്രമങ്ങളുടെ ആദ്യ ഘട്ടത്തില്‍ കണക്കെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നടപടികള്‍ ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) എല്ലാ വോട്ടര്‍മാരുടെയും വീടുകള്‍ സന്ദര്‍ശിക്കും. ”വോട്ടര്‍മാര്‍ക്കോ വീട്ടിലുള്ള അവരുടെ ബന്ധുക്കള്‍ക്കോ ഫോമുകള്‍ പൂരിപ്പിച്ച്, സത്യവാങ്മൂലം നല്‍കാം. ഈ കാലയളവിനുള്ളില്‍ ഓണ്‍ലൈനായി പ്രക്രിയ പൂര്‍ത്തിയാക്കാം എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ആദ്യ ഘട്ടത്തില്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. എന്യൂമറേഷന് ഫോമുകളില്‍ വോട്ടര്‍മാരുടെ പേരും വിലാസവും, സീരിയല്‍/പാര്‍ട്ട് നമ്പര്‍, ക്യുആര്‍ കോഡ്, വോട്ടര്‍ റോളിലെ ഫോട്ടോ തുടങ്ങിയ മുന്‍കൂട്ടി അച്ചടിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കും. എന്യൂമറേഷന് ഫോമില്‍ ഏറ്റവും പുതിയ ഫോട്ടോ നല്‍കാനും അടിസ്ഥാന വിവരങ്ങള്‍ പുതുക്കാനും വോട്ടര്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എസ്ഐആര്‍ സമയത്ത് ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം എന്നും അദ്ദേഹം അറിയിച്ചു.
എന്യൂമറേഷന് ഫോമില്‍ രണ്ട് കോളങ്ങള്‍ ഉണ്ടായിരിക്കും – ഒന്ന് 2002 ലെ എസ്ഐആര്‍ ഇലക്ടറല്‍ റോളില്‍ നല്‍കിയിരിക്കുന്ന വോട്ടറുടെ ഇപിഐസി നമ്പര്‍ പോലുള്ള വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിന്. ഇതേ ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെട്ട ബന്ധുവിന്റെ സമാന വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നതിനുള്ള കോളമാണ് രണ്ടാമത്തേത്. ഈ വിവരങ്ങള്‍ നല്കാന് ബിഎല്‍ഒമാര്‍ സഹായിക്കും. അത്തരം വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കില്‍, ഫോമില്‍ വോട്ടറുടെയോ ബന്ധുവിന്റെയോ ഒപ്പ് അപേക്ഷയെ സാധുവാക്കും. 2025 ലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി എന്യൂമറേഷന് ഫോമുകള്‍ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 9 ന് പുറത്തിറക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ സ്വാഭാവികമായു ഉള്‍പ്പെടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്തതും, മാറിത്താമസിച്ചവരും, മരിച്ചവരുമായ വോട്ടര്‍മാർ നീക്കം ചെയ്യപ്പെടും. ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ തലത്തിലുള്ള വിശദപരിശോധന ആരംഭിക്കും. ‘ഈ ഘട്ടത്തില്‍ ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ടിവരിക. 2002 ലെ എസ്ഐആര്‍ റോളുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലോ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നില്ലെങ്കിലോ മാത്രമാണ് രേഖകള്‍ ആവശ്യമായിവരിക.
അത്തരം വോട്ടര്‍മാരെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും രേഖകള്‍ പരിശോധിക്കുക. 1987 ന് മുമ്പ് ജനിച്ചവര്‍ക്ക്, അവരുടെ ജനനത്തീയതിയും ജനനസ്ഥലവും സ്ഥാപിക്കുന്ന 13 രേഖകളില്‍ ഒന്ന് മതിയാകും. 1987 നും 2004 നും ഇടയില്‍ ജനിച്ചവര്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഒരാളുടെ രേഖകളാണ് നല്‍കേണ്ടിവരിക. 2004 ന് ശേഷം ജനിച്ച വോട്ടര്‍മാര്‍ക്ക്, രണ്ട് മാതാപിതാക്കളുടെയും ജനനത്തീയതിയും സ്ഥലവും സ്ഥാപിക്കുന്ന രേഖകള്‍ ആവശ്യമാണ്. ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചവരാണെങ്കില്‍, വിദേശത്തുള്ള ഇന്ത്യന്‍ മിഷന് നല്കുന്ന ജനന രജിസ്ട്രേഷന് സര്‍ട്ടഫിക്കറ്റ് സമര്‍പ്പിക്കാം. രജിസ്ട്രേഷന് അല്ലെങ്കില്‍ നാച്ചുറലൈസേഷന്‍ വഴി വോട്ടര്‍ ഇന്ത്യന്‍ പൗരത്വം നേടിയിട്ടുണ്ടെങ്കില്‍, പൗരത്വ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി പ്രചാരണ പരിപാടികള്‍ സംഘടിക്കും. ഇന്ന് മുതല്‍ ഈ നടപടികള്‍ തുടക്കമാകും. പ്രക്രിയ എത്രത്തോളം കാര്യക്ഷമമായി നടക്കുമെന്ന് നേരിട്ട് മനസ്സിലാക്കാന്‍ തിരഞ്ഞെടുത്ത പട്ടികവര്‍ഗ സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെടെ നേരിട്ട് സന്ദര്‍ശിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.



Be the first to comment