മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ സലാമിനെതിരെ പരാതി നൽകി സി.പി.ഐ.എം പ്രവർത്തകൻ

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പോലീസിൽ പരാതി. വഴക്കാട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.ഐ.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമർശത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതി അല്ലെന്ന് അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതി ആണ് ലീഗിന്. പക്ഷെ ചില സമയത്ത് നാക്കുപിഴ സംഭവിക്കും. പിഎംഎ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാതകൾ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു.

സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നായിരുന്നു പിഎംഎ സലാമിന്റെ പരാമർശം.

Be the first to comment

Leave a Reply

Your email address will not be published.


*