രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തായിരുന്നുവെന്ന് ചോദിക്കുന്നതിന് പകരം, രാവിലെ ചായയ്ക്ക് എന്തായിരുന്നു എന്ന് അന്വേഷിക്കുന്ന മലയാളികളാണ് ഏറെയും. രാവിലെത്തെ ചായ.., നാലുമണിക്കത്തെ ചായ.., പിന്നെ സമയം കിട്ടുമ്പോഴൊക്കെ ചായ.. അത്രത്തോളം മലയാളികളുടെ ജീവിതവുമായി ചായ ഇഴുകിച്ചേർന്ന് നിൽക്കുകയാണ്. ചായയെന്ന് പറയുമ്പോൾ പാലൊഴിച്ച ചായയോടാണ് മിക്കയാളുകൾക്കും പ്രിയം.
എന്നാല്‍ ചായയില്‍ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്. നിരന്തരമുള്ള ചായ കുടി ശീലം ക്രമേണ ദഹനത്തെയും കുടലിന്‍റെ ആരോഗ്യത്തെയും ബാധിച്ചേക്കാമെന്ന് നവി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപിസ്റ്റുമായ ഡോ. ദീപക് ബംഗാളെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു.
നമ്മുടെ നാട്ടിൽ തലവേദന, ദഹനപ്രശ്‌നം, ക്ഷീണം… എല്ലാത്തിനുമുള്ള പരിഹാരമാണ് ചായ. ചായയിൽ കുടലിനെ അസ്വസ്ഥമാക്കുന്ന ടാന്നിന്‍ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ കടുപ്പമേറിയ ചായ കുടിക്കുന്നത് അസിഡിറ്റി കൂട്ടുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. ഡോ. ദീപക് ബംഗാളെ പറയുന്നു.
കൂടാതെ ചായയ്‌ക്കൊപ്പം എരിവുള്ള എണ്ണപ്പലഹാരങ്ങളോ ബിസ്‌കറ്റോ മറ്റോ കഴിക്കുകയാണെങ്കിൽ അസിഡിറ്റിയും ദഹനപ്രശ്നങ്ങളും വഷളാക്കും. ചായ ശരിയായ രീതിയില്‍ എങ്ങനെ കഴിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കുന്നുണ്ട്. വയറിന് ആശ്വാസം നല്‍കാന്‍ ഇഞ്ചിച്ചായ കുടിക്കാം, വെറും വയറ്റില്‍ ചായ കുടിക്കുന്നതും അമിതമായി പഞ്ചസാര ചേര്‍ക്കുന്നതും കടുപ്പം കൂടിയ ചായ കുടിക്കുന്നതും ഒഴിവാക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.



Be the first to comment