പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് നടപടി. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ അറസ്റ്റിലായിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം കൊണ്ടുപോകുന്നത്. ഇതിനുശേഷമാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നതും സ്വര്‍ണം കൈക്കലാക്കുന്നതും. ദ്വാരപാലക സ്വര്‍ണമോഷണ കേസില്‍ റിമാന്‍ഡിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി എസ്‌ഐടി റാന്നി കോടതിയില്‍ ഹാജരാക്കി.
ഇതിനുപിന്നാലെയാണ് കട്ടിളപ്പാളി സ്വര്‍ണക്കവര്‍ച്ചയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ 13 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത്രയും ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുക്കരുതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.



Be the first to comment