പിഎം ശ്രീ; ‘സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ട’; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

പിഎം ശ്രീ വിഷയത്തില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. അജിത് കൊളാടിയാണ് വിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമിതമായി ആഹ്ലാദിക്കാനോ അഹങ്കരിക്കാനോ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചതില്‍ സിപിഐ സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ നിലപാട് ശരിവെക്കപ്പെട്ടതില്‍ പ്രശംസയും അഭിനന്ദനവുമാണ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഉയര്‍ത്തിയത്. മുന്‍ മന്ത്രി കെ.രാജുവും അജിത് കൊളാടിയും മാത്രമാണ് വിമര്‍ശനമുന്നയിച്ചത്. ചര്‍ച്ച കൂടാതെ ഒപ്പിടാന്‍ പോയതിന്റൈ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അന്വേഷിക്കണ്ടേയെന്ന് കെ.രാജു ചോദിച്ചു. ഉത്തരവാദിത്തം ഒരു വ്യക്തിക്കാണെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്നും കെ.രാജു പറഞ്ഞു. പി.എം ശ്രീ അടക്കമുളള വിഷയങ്ങളില്‍ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ്് അജിത് കൊളാടി വ്യക്തമാക്കിയത്. പോരാട്ടം തുടരേണ്ടി വരുമെന്നും അജിത് കൊളാടി സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു.

അതേസമയം, പി.എം.ശ്രീ പദ്ധതിയിലെ നേട്ടത്തില്‍ അഹങ്കരിക്കരുതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് ഉയര്‍ത്താനായത് നേട്ടമാണെന്ന് പറഞ്ഞ അദ്ദേഹം അമിതമായി ആഹ്‌ളാദിക്കാനോ അഹങ്കരിക്കാനോ പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

അതേസമയം, പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാന്‍ സാധിക്കാതെ പോയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*