ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടി; അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍, 36-ാം ദിവസത്തിലേക്ക്

വാഷിങ്ടണ്‍: അടച്ചുപൂട്ടലില്‍ റെക്കോര്‍ഡിട്ട് അമേരിക്ക. അടച്ചുപൂട്ടല്‍ 36-ാം ദിവസത്തിലേക്ക് കടന്നതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാക്കിയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്.

ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലയളവില്‍ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് ഇത്തവണ മറികടന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡികള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകള്‍ ധനാനുമതി ബില്‍ സെനറ്റില്‍ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബില്‍ ഇതുവരെ 13 തവണ സെനറ്റില്‍ പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ സെനറ്റില്‍ 60 വോട്ടുകളാണ് വേണ്ടത്. സെനറ്റ് നിയമത്തില്‍ ഭേദഗതി വരുത്തി ഷട്ട്ഡൗണ്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.

രാജ്യത്തെ ഏകദേശം ഏഴര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ കഴിഞ്ഞ ഒരു മാസമായി നിര്‍ബന്ധിത അവധിയിലാണ്. കൂടാതെ, ഏഴ് ലക്ഷത്തി മുപ്പതിനായിരം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിസന്ധിയിലായി.സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ സമ്മതിക്കുന്നത് വരെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ട്രംപ്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ സംരക്ഷിക്കണമെന്ന ആവശ്യപ്പെട്ടാണ് ഡെമോക്രാറ്റുകള്‍ പ്രതിഷേധിക്കുന്നത്.

അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഭക്ഷ്യസഹായം, ശിശു സംരക്ഷണ ഫണ്ടുകള്‍, മറ്റ് എണ്ണമറ്റ സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളമില്ലാതെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാക്കുകയോ ചെയ്തിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ശമ്പളം കിട്ടാതെ വന്നാല്‍ അടുത്ത ആഴ്ച മുതല്‍ വ്യോമയാന മേഖലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. അടച്ചുപൂട്ടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*