സീമ, സരസ്വതി, സ്വീറ്റി… ഹു ഈസ് ഷി; രാഹുല്‍ ഗാന്ധി പറഞ്ഞ അജ്ഞാത സുന്ദരിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച രാഹുല്‍ ഗാന്ധി ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ പോലും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ടായിരുന്നു. രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഈ ബ്രസീലിയന്‍ സുന്ദരിയെ തേടി സെര്‍ച്ചോട് സെര്‍ച്ചാണ് സോഷ്യല്‍ മീഡിയ. സരസ്വതിയോ, സ്വീറ്റിയോ സീമയോ, ആരാണ് ഹരിയാനയില്‍ 22 തവണ വോട്ട് ചെയ്ത് മോഡല്‍ എന്നാണ് വ്യാപക ചര്‍ച്ച.

ആരാണ് ഈ സ്ത്രീ? എന്താണ് ഇവരുടെ പേര്? എവിടെ നിന്നാണ് വരുന്നത്? ഹരിയാനയില്‍ 22 തവണയാണ് ഇവര്‍ വോട്ട് ചെയ്തത്. അതും സീമ, സരസ്വതി, സ്വീറ്റി, രശ്മി, വില്‍മ തുടങ്ങിയ പല പേരുകളില്‍. യഥാര്‍ഥത്തില്‍ അവര്‍ ഒരു ബ്രസീലിയന്‍ മോഡല്‍ ആണ് – എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

യുവതിയുടെ ഐഡന്റിറ്റി എന്തെന്ന അന്വേഷണം എത്തി നിന്നത് ഒരു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറിലാണ്. യുവതി ആരാണെന്നത് അജ്ഞാതമാണെങ്കിലും ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ മത്തേവൂസ് ഫെരേരോ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത് എന്നതാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

2017 മാര്‍ച്ച് രണ്ടിനാണ് ഈ ചിത്രം ആദ്യമായി പബ്ലിഷ് ചെയ്യപ്പെട്ടത്. 59 മില്യണ്‍ പേരാണ് ചിത്രം കണ്ടത്. നാല് ലക്ഷത്തിലധികം തവണ ചിത്രം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങള്‍ അണ്‍സ്പ്ലാഷ്, പെക്സല്‍സ് തുടങ്ങിയ പ്രമുഖ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. അതിന്റെയെല്ലാം ഉടമസ്ഥാവകാശം ഫെരേരോയുടെ പേരിലാണ്. ഗൂഗിളില്‍ നടത്തിയ ലളിതമായ റിവേഴ്സ് ഇമേജ് സെര്‍ച്ചിലാണ് ഫെരേരോ ആണ് ഈ ചിത്രമെടുത്തതെന്ന് വ്യക്തമായത്.

ഇമേ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ അണ്‍സ്പ്ലാഷില്‍ ഇവരുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് ‘നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ’ എന്നാണ്. വിവിധ സ്‌കിന്‍ കെയര്‍ പോര്‍ട്ടലുകളും വാര്‍ത്താ ഔട്ട്‌ലറ്റുകളും ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ബ്യൂട്ടി ആന്‍ഡ് സ്‌കിന്‍ കെയര്‍ ടിപ്പ്, ഫാഷന്‍ – ലൈഫ് സ്റ്റൈല്‍ കണ്ടന്റുകള്‍, മോട്ടിവേഷണല്‍ ബ്ലോഗുകള്‍, വിവിധ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ എന്നിവയിലെല്ലാം ഈ മുഖം കാണാം. ഇത് മാത്രമല്ല, ഇന്ത്യന്‍ സ്ത്രീകളുടെ പേരിലുള്ള ചില ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രൊഫൈല്‍ ഫോട്ടോ ആയി ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീയുടെ ചിത്രമെടുത്ത ഫോട്ടോഗ്രഫര്‍ ബ്രസീലുകാരനാണെങ്കിലും ഇവര്‍ ഏത് രാജ്യക്കാരി ആണ് എന്നതില്‍ സ്ഥിരീകരണമില്ല.

ഹരിയാനയില്‍ 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയ്ക്കുമെതിരെ രാഹുല്‍ ഗന്ധി ഉന്നയിച്ച ആരോപണം. ഇരട്ടവോട്ട് അഞ്ച് ലക്ഷത്തിലേറെ. ഒരു ലക്ഷത്തിനടുത്ത് വ്യാജവിലാസങ്ങള്‍. ഒറ്റചിത്രം ഉപയോഗിച്ച് ഒന്നേകാല്‍ ലക്ഷം വോട്ട്. രണ്ട് ബൂത്തുകളില്‍ ഒരു വോട്ടര്‍ക്ക് 223 വോട്ട്. ഇങ്ങനെ അഞ്ച് രീതിയില്‍ അട്ടിമറി. 25 ലക്ഷത്തോളം കള്ളവോട്ടിലൂടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് എച്ച് ഫയല്‍ എന്ന പേരില്‍ തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിശദീകരിച്ചു. തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണവും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*