അമേരിക്കയില്‍ പുതുചരിത്രമെഴുതി ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. കോര്‍പ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഈ വിജയം പ്രത്യാശയാണെന്ന് മന്ത്രി കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ ‘സോഹ്റാന്മാര്‍’ എല്ലായിടത്തും ഉയര്‍ന്നുവരാന്‍ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാര്‍വത്രികമാവുകയും തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ അവകാശം ലഭിക്കുകയും ചെയ്യുന്ന ഒരു ഭാവിക്കു വേണ്ടി ന്യൂയോര്‍ക്കിനെ നയിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ. സൊഹ്റാന്‍ മംദാനിക്ക് ലോകത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന്, 1957ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തില്‍ നിന്ന് ഒരു ഊഷ്മള അഭിവാദനം – മന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
മംദാനിയും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിയ മുദ്രാവാക്യം, ‘Up with affordability, down with billionaires’ എന്നത് ന്യൂയോര്‍ക്കിന്റെ അതിര്‍ത്തിക്കപ്പുറത്ത് ഇടതുപക്ഷ ചിന്തയോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാ മനുഷ്യരുടേയും പൊതു വികാരമാണെന്നും അദ്ദേഹം കുറിച്ചു. അത് കൊണ്ടാണ് അവസാനത്തെ മനുഷ്യന്റെ കൂടി വേദനകളെ ആദ്യം പരിഗണിക്കുന്ന കേരളത്തിന് മംദാനിയുടെ വിജയത്തില്‍ ഇത്ര സന്തോഷിക്കാനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരന് താങ്ങാനാവുന്ന താമസ സൗകര്യങ്ങള്‍, സൗജന്യനിരക്കില്‍ പൊതുഗതാഗതം, ഭക്ഷ്യവില കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത പലചരക്ക് കടകള്‍ – ഇവയെല്ലാം കേരളം പതിറ്റാണ്ടുകളായി കെട്ടിപ്പടുക്കുന്ന കേരളാമോഡലിന്റെ പ്രതിധ്വനിയാണ്. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിച്ചതും, സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ വഴി എല്ലാവര്‍ക്കും വിലക്കുറവില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതും നമ്മുടെ അനുഭവമാണ്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും ശക്തമായ തൊഴിലാളി സംരക്ഷണവും ഇവിടെ കേവലം സ്വപ്നങ്ങള്‍ക്കപ്പുറം ജീവിത യാഥാര്‍ഥ്യങ്ങളാണ്. ഏറ്റവുമൊടുവില്‍, അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ കരുത്താണ് വിളിച്ചോതുന്നത് – അദ്ദേഹം വ്യക്തമാക്കി.



Be the first to comment