കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്‌നാട് പൊലീസ്. തൃശൂര്‍ വിയ്യൂരില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകന്‍ എന്ന നിഗമനത്തിലാണ് കേരള പൊലീസ്.
ബാലമുരുകനായി നാലാം ദിനവും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂര്‍ നഗരപ്രദേശത്തും തിരച്ചില്‍ നടക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ബാലമുരുകന്‍ ചാടിപ്പോയത്.
തമിഴ്‌നാട് പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിയൂര്‍ ജയിലിന്റെ 50 മീറ്റര്‍ മുന്‍പാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാന്‍ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്നും തമിഴ്‌നാട് പോലീസ് പറയുന്നു.
പൊലിസില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം ജയില്‍ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി. ഇതിന് ശേഷമാണ് വിയ്യൂര്‍ ജയില്‍ വിവരം അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബാലമുരുകനായി തൃശൂര്‍ നഗരപ്രദേശം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അഞ്ച് കൊലപാതകം ഉള്‍പ്പടെ 52 കേസുകളില്‍പ്പെട്ട, മുന്‍പ് പോലീസിന്റെ കയ്യില്‍നിന്ന് പലതവണ രക്ഷപ്പെട്ട ചരിത്രമുള്ള കൊടുംകുറ്റവാളിയാണ് രക്ഷപ്പെട്ട ബാലമുരുകന്‍. തൃശൂര്‍ വീയ്യൂര്‍ ജയിലിലെ തടവുകാരനായ ബാലമുരുകനെ, തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്‌നാട് പോലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടല്‍.



Be the first to comment