വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പോലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പോലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം.
ഇതിനിടെ, സംഭവസമയം പ്രതിയും പെൺകുട്ടിയും ധരിച്ച വസ്ത്രങ്ങളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽ നിന്ന് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ച രണ്ട് പേരുടെ മൊഴികൾ കൂടി ഇന്നലെ പോലീസ് രേഖപ്പെടുത്തി. ട്രെയിനിൽ കയറും മുൻപ് പ്രതിയും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പോലീസ് ശേഖരിക്കും.
ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ ട്രെയിനിൽനിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 19കാരി. തലച്ചോറിൽ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ശ്രീക്കുട്ടിയുടെ തലച്ചോറിലേറ്റ പരിക്കാണ് സ്ഥിതി ഗുരുതരമാക്കിയത്.



Be the first to comment