‘ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റിയത് കൊണ്ട് മാത്രം രക്ഷപ്പെടാൻ കഴിയില്ല, ; രമേശ്‌ ചെന്നിത്തല

കാസർകോട്: ദേവസ്വത്തെ പരിപൂർണമായി കൊള്ളക്കാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് രമേശ്‌ ചെന്നിത്തല. ‘കഴിഞ്ഞ പത്ത് വർഷക്കാലം ദേവസ്വത്തെ കട്ട് മുടിച്ചവരാണ് ഇടതുപക്ഷം. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ മാറ്റിയത് കൊണ്ട് മാത്രം രക്ഷപ്പെടാൻ കഴിയില്ല. ശബരിമലയിലെ മോഷണം മുഴുവൻ നടന്നത് ഇടത് സർക്കാരിൻ്റെ കാലത്താണ്.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയും മുരാരി ബാബുവും മാത്രമല്ലല്ലോ ഉള്ളത്. ഇതിന് പിന്നിലുള്ള വൻ ശക്തികൾ രക്ഷപ്പെടുകയാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരെയും ദേവസ്വം മന്ത്രിമാരെയും മുഴുവൻ രക്ഷപ്പെടുത്താനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്’ എന്നും ചെന്നിത്തല  പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള നടത്തിയത് ആരൊക്കെയാണെന്ന് കൃത്യമായി അറിയാം. എന്നാൽ സത്യം വെളിപ്പെടുത്താൻ ആരും ശ്രമിക്കുന്നില്ല. ദേവസ്വം മന്ത്രിമാരും ദേവസ്വം പ്രസിഡൻ്റുമാരുമാണ് പ്രതികൾ. അന്താരാഷ്ട്ര ബന്ധമുള്ള സ്വർണ കടത്താണ് നടന്നത്. പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ല.

അതുകൊണ്ട് ശബരിമല വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ദേവസ്വം ബോർഡിലെ രണ്ടോ മൂന്നോ ജീവനക്കരെ റിമാൻഡ് ചെയ്‌തത് കൊണ്ട് പ്രശ്‌നം അവസാനിക്കുമോ എന്ന ചോദ്യവും ചെന്നിത്തല മുമ്പോട്ട് വച്ചു.

ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ശബരിമലയിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ പുറത്തു കൊണ്ടുപോകുന്നതിന് മുൻപ് സ്‌പെഷ്യൽ കമ്മിഷനുമായും ഹൈക്കോടതി ബെഞ്ചുമായി ആലോചിക്കണമെന്ന്. മാത്രമല്ല ദേവസ്വം മാനുവലിൽത്തന്നെ പറയുന്നുണ്ട്, അവിടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല. അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ശബരിമലയിൽ വച്ച് തന്നെ നടത്തണം.

ഇതൊന്നും പാലിക്കാതെ ഈ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ മുഴുവൻ ചെന്നൈയിലേക്ക് കൊണ്ടുപോയത് വലിയ അഴിമതി നടത്താൻ വേണ്ടിയാണ്. ഈ അഴിമതിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ യഥാർഥ കള്ളന്മാരെ പിടിക്കുന്നില്ല. അവർ രക്ഷപ്പെടുകയാണ്. ഗവൺമെൻ്ററിയാതെ ഒരിക്കലും ഈ കൊള്ള നടക്കില്ല. കേരളത്തിലെ ഭക്തജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*