കാന്‍സറിൻ്റെ പ്രാരംഭലക്ഷണങ്ങള്‍ എന്തൊക്കെയാണ്? കാന്‍സര്‍ മുഴകള്‍ എങ്ങനെ തിരിച്ചറിയാം?

വളരെ ആശങ്കയോടെ ആളുകള്‍ കാണുന്ന രോഗമാണ് കാന്‍സര്‍. കാന്‍സര്‍ വരുന്നതിന് മുന്‍പ് ലക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ അസ്വാഭാവികമായ മാറ്റങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും ബോധവാനായിരിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. എത്രവേഗം രോഗം കണ്ടെത്തുന്നുവോ അത്രയും സങ്കീര്‍ണതകള്‍ കുറയും. കാന്‍സര്‍ ചികിത്സ സാങ്കേതികമായി ധാരാളം പുരോഗതി പ്രാപിച്ച ഇക്കാലത്ത് കൃത്യമായ സമയത്തെ ചികിത്സകൊണ്ട് കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ സാധിക്കും.

കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രധാനമായും രോഗം വരുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. വായിലുണ്ടാകുന്ന കാന്‍സറില്‍ വായിലെ ഉണങ്ങാതിരിക്കുന്ന മുറിവുകള്‍, വെളുത്ത പാടുകള്‍, താടിയെല്ലിലുണ്ടാകുന്ന മുഴകള്‍, മോണ വീര്‍ക്കല്‍, പല്ല് കൊഴിയുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.തൊണ്ടയിലാണെങ്കില്‍ ശബ്ദവ്യത്യാസമുണ്ടാകാം. തൈറോയിഡ് കാന്‍സറില്‍ തൊണ്ടയിലെ മുഴകളായിരിക്കാം ലക്ഷണം.

ബ്രസ്റ്റ് കാന്‍സറാണെങ്കില്‍ സ്തനങ്ങളിലുണ്ടാകുന്ന എന്തെങ്കിലും വളര്‍ച്ചയോ മുലക്കണ്ണുകളിലുണ്ടാകുന്ന ഡിസ്ചാര്‍ജുകളോ കാണാം. വന്‍കുടലുമായി ബന്ധപ്പെട്ട കാന്‍സറാണെങ്കില്‍ മലത്തിലൂടെ രക്തസ്രാവം ഉണ്ടാകാം. പൊതുവായി ലക്ഷണങ്ങള്‍ ഉണ്ടാവുക എന്നതിനേക്കാളുപരിയായി കാന്‍സര്‍ ബാധിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സ്‌കിന്‍ കാന്‍സര്‍ അഥവാ തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍ ലക്ഷണങ്ങള്‍ മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് കാണാന്‍ സാധിക്കുന്നവയാണ്. ചര്‍മ്മത്തില്‍ പാടുകളോ മുറിവോ ഉണ്ടായി അത് വലുതായി വരിക. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ ഉണ്ടാവുകയും അവ വലുതായി വരികയും ചെയ്യുക. മറുകിൻ്റെ വ്യാപ്തി കൂടുക, അതിന് നിറവ്യത്യാസം ഉണ്ടാവുക, മറുകില്‍ നിന്ന് രക്തം വരികയോ മറ്റ് ഡിസ്ചാര്‍ജുകളുണ്ടാവുകയോ ചെയ്യുക ഇവയൊക്കെ ലക്ഷണങ്ങളാണ്. കാന്‍സര്‍ രോഗികളില്‍ പൊതുവായുണ്ടാകുന്ന ഒരു ലക്ഷണം ശരീരഭാരം കുറയുന്നതാണ്.

കാന്‍സര്‍ മുഴകള്‍ എങ്ങനെ തിരിച്ചറിയാം

കാന്‍സര്‍ മുഴകള്‍ അനിയന്ത്രിതമായി വളരുന്നവയാണ്.കാന്‍സര്‍ അല്ലാത്ത മുഴകളാണെങ്കില്‍ അത് ആ പ്രത്യേക സ്ഥലത്ത് മാത്രം നില്‍ക്കുകയും മെല്ലമെല്ലെ വളരുകയും ചെയ്‌തേക്കാം. എന്നാല്‍ കാന്‍സര്‍ മുഴകള്‍ നിയന്ത്രണമില്ലാതെ വളരും. പുറമേ കാണുന്നതുപോലുള്ള മുഴകള്‍ ആയിരിക്കും ഇവ. അത് വലുതായിക്കൊണ്ടിരിക്കും. ഒരിക്കലും ചെറുതാവില്ല. ഉദാഹരണത്തിന് വായില്‍ ഒരു വൃണം ഉണ്ടാവുകയാണെങ്കില്‍ അത് വലുതായിക്കൊണ്ടിരിക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*