പോഷകങ്ങളുടെ സമ്പന്നത കൊണ്ട് മുട്ടയൊരു സൂപ്പർ ഫുഡ് ആണെന്നതിൽ തർക്കമില്ല. എന്നാൽ മുട്ടയുടെ കാര്യത്തിൽ പാലിക്കേണ്ട ശുചിത്വം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. ഫാമുകളില്‍ നിന്നും നേരിട്ട് പാക്ക് ചെയ്തു വരുന്ന മുട്ടകള്‍ അണുവിമുക്തമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ മുട്ടകളുടെ പുറം തോടില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്.
മുട്ട കഴുകേണ്ടതുണ്ടോ?
ഫാമുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മുട്ടകളുടെ തോടുകളില്‍ ചെളി, പക്ഷിയുടെ തൂവലുകള്‍, കാഷ്ഠം എന്നിവ ഉണ്ടാകാം. മുട്ടയുടെ പുറം തോട് കട്ടിയുള്ളതാണെങ്കിലും അതില്‍ അനേകം സുഷിരങ്ങള്‍ ഉണ്ട്. ശരിയായ രീതിയില്‍ കഴുകിയില്ലെങ്കില്‍, ഈ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുന്നതിന് മുന്‍പ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകള്‍ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറയ്ക്കും.
സാല്‍മൊണല്ല (Salmonella), ഇ.കോളി (E. coli), കാംപിലോബാക്റ്റര്‍ (Campylobacter) എന്നിവയാണ് സാധാരണയായി മുട്ടത്തോടില്‍ കാണപ്പെടുന്ന ബാക്ടീരിയകൾ. പക്ഷികളുടെ കാഷ്ഠം, മലിനമായ കൂടുകള്‍, മുട്ടകള്‍ ശേഖരിക്കുന്ന സമയത്തും കടകളിലേക്ക് കൊണ്ടുപോകുമ്പോഴുമുള്ള ശുചിത്വമില്ലായ്മ എന്നിവയാണ് ബാക്ടീരിയകള്‍ മുട്ടയിലെത്താനുളള പ്രധാന കാരണം. ഈ രോഗകാരികള്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന, വയറിളക്കം, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളും ഉണ്ടാക്കും.
പാക്ക്ഡ് മുട്ട
അണുവിമുക്തമാക്കല്‍, ഗ്രേഡിങ് എന്നിങ്ങനെ കര്‍ശനമായ ഗുണനിലവാര നടപടികളിലൂടെ പായ്ക്ക് ചെയ്ത മുട്ടകള്‍ താരതമ്യേന സുരക്ഷിതമായിരിക്കും. ഈ മുട്ടകള്‍ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുന്നതിനാല്‍ ബാക്ടീരിയകളുടെ വളര്‍ച്ച കുറവായിരിക്കും. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ടകളിൽ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് മുട്ട പാചകം ചെയ്യും മുമ്പ് വൃത്തിയായി കഴുകണം.



Be the first to comment