തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മിഷന്‍ 2025 പ്രഖ്യാപിച്ച് നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടത്. അന്ന് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരുന്നു. ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുന്നൊരുക്കത്തിന്റെ കാര്യത്തില്‍ ഇത്തവണ ഒന്നാമത് യുഡിഎഫ് തന്നെയാണെന്ന് സണ്ണി ജോസഫ് വിശദീകരിക്കുന്നു. നേരത്തെ തന്നെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ചു. വിപുലമായ കുടുംബ സംഗമങ്ങള്‍ ഉള്‍പ്പെടെ നടത്തി. ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ വിശദീകരിച്ചു. നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് പൂര്‍ണ അധികാരം നല്‍കി. സീറ്റ് വിഭജനം യോജിപ്പില്‍ നടത്താനായി. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ പി വി അന്‍വറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് പോലും വെട്ടിക്കുറിച്ചു. പണമില്ലാതെ രാഷ്ട്രീയ ഭേദമന്യേ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നട്ടം തിരിയുകയാണ്. ക്ഷേമപെന്‍ഷന്‍ വര്‍ധന ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണ്. അല്ലെങ്കില്‍ ആ തുക മുന്‍കാല പ്രാബല്യത്തോടെ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ല. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*