കോഴിക്കോട് അങ്കം കുറിച്ച് കോണ്‍ഗ്രസ്, 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് വരുമെന്ന് ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ വരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരായ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശഭരിതരാണ്. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചു. ഒരു സ്ഥാനാര്‍ത്ഥിയെയും തങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. വാര്‍ഡുകളിലെ പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അയച്ചു.

അതില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താതെ, അതേസമയം മറ്റു ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് മിന്നുന്ന ജയം നേടും. കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംവിധായകന്‍ വി എം വിനുവിന്റെ പേര് രണ്ടു വാര്‍ഡുകളില്‍ പരിഗണിക്കുന്നതായാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*