തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടായെങ്കില്‍ അത് പത്രികാസമര്‍പ്പണത്തിന് മുന്‍പായി പരിഹരിക്കുമെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് മുന്‍പായി ലീഡറുടെ സന്തതസഹചാരിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് പോകുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?. അതിന് മേലേയാണോ സന്തത സഹചാരികള്‍ എന്നായിരുന്നു മുരളീധരന്റെ മറുപടി.
ഏതെങ്കിലും സ്ഥലങ്ങളില്‍ യുഡിഎഫിന്റെ പൊതുസ്വഭാവത്തിനെതിരായി സ്ഥാനാര്‍ഥി നിര്‍ണയമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ജില്ലാ, സംസ്ഥാന നേതാക്കള്‍ പരിഹാരം ഉണ്ടാക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇത്തവണ വല്യകുഴപ്പം കൂടാതെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സ്ഥാനാര്‍ഥികളിലേറെയും പേരെ വാര്‍ഡ് തലത്തില്‍ തന്നെ തീരുമാനിക്കപ്പെട്ടവരാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇടപെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.
വീട് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭവന നിര്‍മ്മാണം മുന്നോട്ടുപോകാത്തതെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനുള്ള ഫണ്ട് നേരത്തെ തന്നെ നല്‍കിയിരുന്നു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് വീട് വച്ച നല്‍കുമെന്നും അതിന്റെ കണക്ക് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.



Be the first to comment