വൻ ഭീകരാക്രമണ പദ്ധതി തകർത്തത് ജമ്മു കശ്മീർ പോലീസ്. ഡൽഹിക്കടുത്ത് ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി. രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.
ഫരീദാബാദ്–ജമ്മു കശ്മീർ പോലീസുകൾ സംയുക്തമായാണ് വൻ ഭീകരാക്രമണ പദ്ധതി തകർത്തത്. സ്ഫോടക വസ്തുക്കളും പിസ്റ്റലുകളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടർമാരെ അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നടത്തിയ പരിശോധനയിൽ 360 കിലോഗ്രാം സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച ഡോക്ടർ മുജമ്മിൽ ഷക്കീലിനെ അന്വേഷണസംഘം പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ടൈമറും വാക്കി-ടോക്കിയും മാഗസിനുകളും കണ്ടെത്തി.
പിന്നീട് ഫതേപൂരിൽ നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് 2563 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഗുജറാത്തിൽ പിസ്റ്റളുകളും 30 ലൈവ് കാർട്രിഡ്ജുകളും രാസവസ്തുക്കളും സൂക്ഷിച്ച ഡോ. അഹമ്മദ് സൈദിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ലക്നൗവിലെ പ്രധാനപ്പെട്ട പൊതു ഇടങ്ങളിൽ ഇയാൾ സന്ദർശനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
കേസിൽ ഒരു വനിതാ ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ കാറിൽ നിന്ന് എ. കെ. 47 അന്വേഷണസംഘം കണ്ടെത്തി. ഒക്ടോബർ 27ന് ശ്രീനഗറിൽ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്നെ പിന്തുണക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് അനന്തനാഗ് മെഡിക്കൽ കോളേജിലെ ഡോക്ടർ അദീൽ അഹമ്മദ് റാഥറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ തുടർനീക്കങ്ങൾ. വൻ ഭീകരാക്രമണ പദ്ധതിയ്ക്കായാണ് വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും എത്തിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.



Be the first to comment