പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’; ഡൽഹി സ്ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രത

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് ജാഗ്രതയിൽ പാകിസ്താൻ.രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഈ നീക്കം.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്താൻ സായുധ സേനയെ അതീവ ജാഗ്രതയിലാണെന്നാണ് വിവരം. ഇന്ത്യയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകാനുമായി പാകിസ്താന്റെ സെൻട്രൽ കമാൻഡ് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്നാണ് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്.

കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയില്‍ എടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*