‘മാറ്റിയതില്‍ വിഷമം എന്തിനാണ്; കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്’ ; മറുപടിയുമായി പിഎസ് പ്രശാന്ത്

കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി.

അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതല്‍ ഊര്‍ജ്ജമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, ശബരിമലയിലെ വികസനത്തില്‍ സര്‍ക്കാര്‍ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട് പോവുകയാണ്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരില്‍ ഒരാളാണ് ജയകുമാര്‍ സര്‍. സ്വാഭാവികമായും അദ്ദേഹത്തെപ്പോലൊരാള്‍ ശബരിമലയുടെ തലപ്പത്തേക്ക് വരുമ്പോള്‍, അതിലൂടെ വലിയൊരു കാഴ്ചപ്പാടാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മാസ്റ്റര്‍ പ്ലാനിന് കൂടുതല്‍ ഊര്‍ജ്ജം പകരുവാനും മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും കൂടുതല്‍ വികസനം നടത്താനും ഇത് സഹായകമാകുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല – അദ്ദേഹം പറഞ്ഞു.

പദവിയില്‍ നിന്ന് നീക്കിയതിന് വിഷമമുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. വിഷമം എന്തിനാണ്? രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയായിട്ടല്ലേ ഇറങ്ങുന്നത്. എന്തിനാണ് വിഷമം – അദ്ദേഹം ചോദിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. അത് നീട്ടി നല്‍കാന്‍ തീരുമാനിച്ചിരുന്നില്ല. നീട്ടി നല്‍കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ മാറ്റം സ്വാഭാവികം എന്നും പി എസ് പ്രശാന്ത്. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും പ്രശാന്ത് പറഞ്ഞു. കാലാവധി നീട്ടും എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും അത്തരം വാര്‍ത്തകള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*