തിരുവനന്തപുരം: കേരളം മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തേക്ക് കൂടി കടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ പൊടി പൊടിക്കുന്ന പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ജനശ്രദ്ധയാകർഷിക്കാൻ പ്രൗഡ ഗംഭീരമായ പ്രചരണത്തിനായി പരസ്പരം മത്സരിക്കുകയാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും.
എന്നാൽ തെരഞ്ഞെടുപ്പിൻ്റെ പേരിൽ കണക്കില്ലാതെ പണം ചെലവഴിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു നൽകുന്നില്ല. സ്ഥാനാർഥികൾക്കാണ് അതിൻ്റെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. പണം ചെലവഴിക്കുന്ന കാര്യത്തിൽ സ്ഥാനാർഥികൾ ആത്മപരിശോധന നടത്തണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെ സൂചിപ്പിച്ചു.
എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ എത്ര തുകയാണ് തെരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടത്തിലും ഒരു സ്ഥാനാർഥി ചെലവിടേണ്ടതെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്. ചെലവ് കണക്കുകൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് സ്ഥാനാർഥികൾ വരണാധികാരിയായ ജില്ലാ കലക്ടറിന് കൈമാറുകയും വേണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ചെലവ് കണക്കുകൾ കൈമാറണമെന്നാണ് ചട്ടം.
സ്ഥാനാർഥിയും തെരഞ്ഞെടുപ്പ് ഏജൻ്റും സ്ഥാനാർഥിക്ക് വേണ്ടി മറ്റാരെങ്കിലും പണം ചെലവാക്കിയിട്ടുണ്ടെകിൽ ഇതും കണക്കിൽപെടുത്തണം. നാമനിർദേശം അംഗീകരിച്ച ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കുകളാണ് സമർപ്പിക്കേണ്ടത്. ഇതു ലംഘിച്ചാൽ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ ജനപ്രതിനിധികളായവരുടെ അംഗത്വവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 5 വർഷത്തേക്ക് വിലക്കുമേർപ്പെടുത്തുമെന്നും എ ഷാജഹാൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 10,000 ത്തോളം അംഗങ്ങളെയാണ് അയോഗ്യരാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
നാമനിർദേശ പത്രികയോടൊപ്പം സ്ഥാനാർഥി കെട്ടിവയ്ക്കേണ്ട തുക :
ഗ്രാമ പഞ്ചായത്ത് – 2000 രൂപ
ബ്ലോക്ക് പഞ്ചായത്ത് – 4000 രൂപ
ജില്ലാ പഞ്ചായത്ത് – 5000 രൂപ
മുനിസിപ്പാലിറ്റി – 4000 രൂപ
കോർപറേഷൻ – 5000 രൂപ
പട്ടിക ജാതി, പട്ടിക വർഗം വിഭാഗത്തിൽപ്പെട്ടവർക്ക് ഇതിൻ്റെ 50 ശതമാനം തുക കെട്ടിവെച്ചാൽ മതി.
തെരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക :
ഗ്രാമ പഞ്ചായത്ത് -25,000 രൂപ
ബ്ലോക്ക് പഞ്ചായത്ത് – 75,000 രൂപ
ജില്ലാ പഞ്ചായത്ത് – 1,50,000 രൂപ
മുനിസിപ്പാലിറ്റി – 75,000 രൂപ
കോർപറേഷൻ – 1,50,000 രൂപ
രാഷ്ട്രീയ പാർട്ടികൾ ചെലവിടുന്ന തുക ഈ കണക്കിൽപ്പെടില്ല. അതേ സമയം ചെലവ് കണക്കുകൾ വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ രസീത്, വൗച്ചർ, ബിൽ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. ഇതിൻ്റെ ഒറിജിനൽ ആവശ്യമെങ്കിൽ സമർപ്പിക്കേണ്ടതിനാൽ സ്ഥാനാർഥി കൈവശം സൂക്ഷിക്കണം.
ചിലവ് കണക്കുകൾ www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ election expenditure module ൽ കയറി ഓൺലൈനായും സ്ഥാനാർഥികൾക്ക് സമർപ്പിക്കാം.



Be the first to comment