ശബരിമല സ്വർണ്ണക്കൊള്ള; സർക്കാർ സംവിധാനങ്ങൾ പറയാതെ എൻ വാസു ഒന്നും ചെയ്യില്ല, യഥാർത്ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തണം, കെ സുരേന്ദ്രൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ യഥാർത്ഥ കുറ്റവാളികളിലേക്ക് തന്നെ അന്വേഷണം എത്തണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിലവിൽ കട്ടിളപ്പാളി കേസിൽ എൻ വാസുവിനെ അറസ്റ്റ് ചെയ്തത് കേസിന്റെ പുരോഗതിയുടെ ഭാഗമാണ്. എൻ വാസുവിന്റെ അറസ്റ്റിൽ മാത്രം ഇത് അവസാനിച്ചാൽ കേസ് എവിടെയും എത്തില്ല. സർക്കാർ സംവിധാനങ്ങൾ പറയാതെ വാസു ഒന്നും ചെയ്യുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം . കടകംപള്ളിയുമായുള്ള എൻ വാസുവിന്റെ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. അന്വേഷണം ഇനി കടകംപ്പളിയിലേക്കും എ കെ ജി സെന്ററിലേക്കും കൂടി നീളുമോ എന്ന ആകാംഷയിലാണ് എല്ലാവരും ഉള്ളതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

ശബരിമലയിലെ കട്ടിളപ്പാളിയിലെസ്വർണ്ണമോഷണത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസു അറസ്റ്റിയത്. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാൻ നീക്കം.

എൻ വാസു 2019 മാർച്ചിൽ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറിൽ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എൻ.വാസുവിനു ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചതും എസ്ഐടി അന്വേഷിച്ചിരുന്നു. മഹ്സറിൽ ചെമ്പ് എന്ന് രേഖപ്പെടുത്താൻ മുരാരി ബാബുവിന് നിർദേശം നൽകിയത് എൻ വാസു എന്നായിരുന്നു് എസ്ഐടിയുടെ കണ്ടെത്തൽ. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും, വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. രണ്ടാംതവണ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാസു സാവകാശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

2019 ഡിസംബർ 9 നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു ഇ-മെയിൽ എൻ.വാസുവിന് വന്നിരുന്നു. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ട്. സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മെയിൽ. ദുരൂഹ ഇ-മെയിൽ വന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണ്ണത്തിന്റെ ഭാരവ്യത്യാസമടക്കം റിപ്പോർട്ട് ചെയ്‌തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മെയിൽ വന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്ത ബോർഡിന്റെ നടപടി അത്ഭുതപ്പെടുത്തി എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*