ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ വാസുവിന്റെ അറസ്റ്റ്.
ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ, ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസിൽ മൂന്നാം പ്രതിയാക്കിയത്. അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐടി സംഘം എൻ. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്പോൺസറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം.
എൻ. വാസു പ്രസിഡന്റായിരിക്കെയാണ് സ്വർണംപൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ സന്ദേശം. എന്നാൽ, ഇതുസംബന്ധിച്ച് വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. എൻ വാസുവിന്റെ അറസ്റ്റോടെ, സ്വർണക്കൊള്ള കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബു കെഎസ് ബൈജു, സുധീഷ് കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2019 മുതൽ 25 വരെ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വിദേശയാത്രകളെ കുറിച്ചാണ് എസ്ഐടിയുടെ ഇപ്പോഴത്തെ അന്വേഷണം. കേസിന് രാജ്യാന്തര വിഗ്രഹ കടത്ത് സംഘവുമായി ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നീക്കം. ശബരിമല കൊള്ളയിൽ വിവാദത്തിലായ ദേവസ്വം ബോർഡിന്റെ അവസാനയോഗം ഇന്ന് ചേർന്നിരുന്നു.



Be the first to comment