ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണകവർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് എസ്ഐടി എല്ലാം പരിശോധിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല. ആര് അറസ്റ്റിൽ ആയാലും പ്രശ്നം ഇല്ല. അയ്യപ്പന്റെ ഒരു തരി സ്വർണം കട്ടെടുക്കാൻ പാടില്ല. ഒരാൾക്ക് വേണ്ടിയും ഒരു അര വർത്തമാനവും പറയില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ഹൈക്കോടതിയുടെ കീഴിലുള്ള എസ്‌ഐടിയെ തള്ളിപ്പറഞ്ഞ രാജീവചന്ദ്രശേഖറിനും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. ഹൈക്കോടതി നിയമിച്ച ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്നത് അവർക്ക് സംരക്ഷിക്കാൻ ആളുകൾ ഉള്ളതുകൊണ്ടാണ്. എന്തൊക്കെയോ മൂടിവെക്കാൻ വേണ്ടിയാണ് വേറെ അന്വേഷണ ഏജൻസി വേണമെന്ന് ബിജെപി പറയുന്നത് എം വി ഗോവിന്ദൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*