ശബരിമല പോലീസ് കൺട്രോളറായി ആർ കൃഷ്‌ണകുമാറിൻ്റെ നിയമനം; സ്വഭാവ ശുദ്ധി പരിശോധിക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്തെ പുതിയ പോലീസ്  കൺട്രോളറെ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പുതിയതായി നിയമിച്ച ആർ കൃഷ്‌ണകുമാറിൻ്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. സർവീസ് കാലയളവിലെ പ്രകടനം, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങി മുഴുവൻ വിശദാംശങ്ങളും അടങ്ങിയ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങൾ സമർപ്പിക്കണം. തുടർച്ചയായി രണ്ട് വർഷത്തിലേറെ സന്നിധാനം, പമ്പ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ എ.ഡി.ജി.പിക്കാണ് ഹൈക്കോടതിയുടെ നിർദേശം.

സന്നിധാനത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പോലീസ് കൺട്രോളറായ ഉദ്യോഗസ്ഥനെ മാറ്റിയായിരുന്നു കൃഷണകുമാറിനെ നിയമിച്ചത്. ഒരേ ഉദ്യോഗസ്ഥനെ ദീർഘകാലം തുടരാനനുവദിക്കുന്നത് സുതാര്യതയേയും കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

എന്നാൽ പുതിയതായി നിയമിക്കപ്പെട്ട കൃഷ്‌ണ കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്ന കാരണത്താലാണ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും പറയപ്പെടുന്നു. സന്നിധാനത്തെ പോലീസ് കൺട്രോളറെ മാറ്റി പുതിയ നിയമനം നടത്തിയ വിവരം ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് ഹൈക്കോടതിയെ അറിയിച്ചത്. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെ ശബരിമലയിലെ ഭരണപരവും സുരക്ഷാപരവുമായ കാര്യങ്ങളിലും ഹൈക്കോടതി പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ഭരണകൂടം

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തേനിയിൽ അന്തർസംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കലക്‌ടർ ദിനേശൻ ചെറുവാറ്റ്, തേനി കലക്‌ടർ രഞ്ജിത്ത് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് കുമളിയിൽ യോഗം ചേർന്നത്.
തേക്കടി ബാബു ഗ്രൂ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മോട്ടോർ വാഹന വകുപ്പിൻ്റെയും എക്‌സൈസ് വകുപ്പിൻ്റെയും സ്ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കാനും, ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെ അത്യാഹിത വിഭാഗവും, വണ്ടിപെരിയൽ, കുമളി എന്നിവിടങ്ങളിൽ ഒ പി വിഭാഗത്തിൻ്റെ സേവനം ഒരുക്കുവാനും യോഗത്തിൽ തീരുമാനമായി.

ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ്റെ നേതൃത്വത്തിൽ മുൻപ് യോഗം ചേർന്നിരുന്നു. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്‌ടർ നിർദേശം നൽകിയിരുന്നു.

സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് കാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലെ സുരക്ഷ ശക്തമാക്കും. കുള്ളാർ അണക്കെട്ടിലും പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് കാമ്പ് എന്നിവിടങ്ങളിലെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ജില്ലാ കലക്‌ടറുടെ ഓഫിസിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. അനധികൃതമായി എൽപിജി സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*