‘പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം; കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല’; ബിനോയ് വിശ്വം

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുർബലമായി. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് അദേഹം പറഞ്ഞു. എൽ‌ഡ‍ിഎഫ് മിഷനറി പൂർണമായും സജ്ജമാണ്. അപൂർവം ചില ഇടങ്ങളിൽ സീറ്റ് വിഭജന പ്രശ്നമുണ്ട്. അത് ഇന്നല്ലെങ്കിൽ നാളെ തീരും. യുഡിഎഫിന് വർഗീയശക്തികളുമായി കൂട്ടുകെട്ടുണ്ട്. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയും അപ്പുറത്ത് ഹിന്ദുത്വ ശക്തികളുമായാണ് കൂട്ടുകെട്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു.

ജമാ അത്തെ ഇസ്‌ലാമിയോട് യോജിക്കുന്നവർക്ക് എസ്ഡിപിഐയിലേക്ക് അധികം ദൂരമില്ല. ബിജെപിയെ യുഡിഎഫ് തങ്ങളുടെ ബന്ധുവായി കാണുന്നു. ആ ബന്ധം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞ രംഗത്ത് വരാൻ സാധ്യതയുണ്ട്. കോൺഗ്രസ് അവരുടെ അടിസ്ഥാന ആശയങ്ങൾ പോലും ബലി കഴിച്ചാണ് കൂട്ടുകെട്ട്. ജനങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അത് എൽഡിഎഫാണെന്ന് ഞങ്ങൾക്കറിയാമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിൻ്റെ അറസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഉപ്പു തിന്നവർ അവർ വെള്ളം കുടിക്കണം. അഴിമതിക്കാർ ആരായാലും അവരോട് സന്ധിയില്ല. അഴിമതിക്ക് പാർട്ടിയെ മറയാക്കിയത് അവരാണെന്നും പാർട്ടി ഉത്തരവാദിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*