കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

തൊടുപുഴ: നീരൊഴുക്ക്  ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വര്‍ഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്.

അതിശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊന്മുടി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ടാമത്തെ ഷട്ടര്‍ ആണ് ഇന്ന് രാവിലെ 10 മണിയ്ക്ക് 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രാത്രി കാലങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോള്‍ 706.85 അടി വെള്ളമാണ് ഡാമിലുള്ളത്. ജലനിരപ്പ് 706.05ല്‍ എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*