പിഎംശ്രീ മരവിപ്പിക്കൽ: ‘കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്, കുടിശികയുള്ള തുക വാങ്ങിയെടുക്കാൻ ശ്രമിക്കും’; വി ശിവൻകുട്ടി

പി.എം.ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ കലാപക്കൊടി ഉയർത്തിയതോടെ ഇടതുമുന്നണിയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച പി.എം.ശ്രീ പദ്ധതി വിവാദത്തിലെ പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥയായിരുന്നു കത്തയക്കൽ. മന്ത്രിസഭാ തീരുമാനം വന്ന് 13 ദിവസം കഴിയുമ്പോഴാണ് കേന്ദ്രത്തിന് കത്തയക്കണമെന്ന വ്യവസ്ഥ പാലിക്കുന്നത്. ഇന്ന് രാവിലെയോടെ സർക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കത്തയച്ചത്. പദ്ധതി പുനപരിശോധിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതി മരവിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം.

സി.പി.ഐ വീണ്ടും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കത്തയക്കാൻ സർക്കാർ നിർബന്ധിതമായത്. മന്ത്രിസഭ തീരുമാനം എടുത്ത് രണ്ടാഴ്ചയായിട്ടും കത്ത് അയക്കാത്തതിൽ അതൃപ്തി അറിയിച്ച് സി.പി.ഐ മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്തയക്കൽ നടപടികൾക്ക് വേഗം വന്നത്. പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള സംസ്ഥാനത്തിൻെറ കത്തിനോട് കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകമായ കാര്യം.

Be the first to comment

Leave a Reply

Your email address will not be published.


*