മുന്‍പ് നാല്‍പതു കഴിഞ്ഞ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ അത് മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും ഇറങ്ങിയിരിക്കുകയാണ്. അതിന് പിന്നില്‍ കാരണങ്ങളും പരിഹാരങ്ങളും വിശദീകരിക്കുകയാണ് പ്രമുഖ ഡെർമറ്റോളജിസ്റ്റ് ആയ ഡോ. ഗൗരംഗ് കൃഷ്ണ.
പുരുഷന്മാരില്‍ കഷണ്ടി കയറുന്നതിന് പിന്നില്‍ എഴുപതു ശതമാനവും പാരമ്പര്യ ഘടകങ്ങളാണ്. ഇരുപതു ശതമാനം മാറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവുമാണെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രോട്ടീൻ, വിറ്റാമിൻ എന്നിവയില്ലാത്ത ഭക്ഷണരീതിയും ഉറക്കക്കുറവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെ ശരീരത്തെ തളർത്തുകയും അതിലൂടെ ഹെയർ ഫോളിക്കിളുകൾ നശിക്കാന്‍ കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്. പോഷകം നിറഞ്ഞ ആഹാരം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നിവയിലൂടെ ഇത്തരം മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം പറയുന്നു.
ബാക്കിയുള്ള പത്തു ശതമാനം, വായുമലിനീകരണവും ജലമലിനീകരണവും മൂലമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹാര്‍ഡ് വാട്ടര്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നതാണ്. ജനിതകഘടങ്ങളല്ലാത്ത കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ നേരിടുന്നവരിൽ ജീവിതശൈലിയിലെ മാറ്റത്തിലൂടെ തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പാരമ്പര്യമായി കഷണ്ടിയുള്ളവർ ആണെങ്കിൽ ജീവിതശൈലി എത്ര ആരോഗ്യകരമായാലും മുടികൊഴിയാനും കഷണ്ടിയാവാനുമുള്ള സാധ്യതയും കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
മുടി കൊഴിച്ചില്‍ കുറയാന്‍ ചില ടിപ്സ്
- മുടി സ്റ്റൈല്‍ ചെയ്യുന്ന ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിയെ പെട്ടെന്ന് വരണ്ടും പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പരമിതപ്പെടുത്തുന്നത് സഹായകരമാണ്.
- നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക, ഇത് മുടി പെട്ടെന്ന് പൊട്ടി പോകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- തലയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത്, തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഹെയര്‍ ഫോളിക്കുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും.
- ആഴ്ചയില്‍ രണ്ട് തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുന്നത് തലമുടിയില്‍ ചെളിയും അഴുക്കും അടിഞ്ഞു കൂടുന്നത് തടയാന്‍ സഹായിക്കും.
- തലമുടി ചീകിയൊതുക്കാന്‍ പല്ലുകള്‍ അകന്ന ചീര്‍പ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നത് ഒഴിവാക്കും. അണുബാധ പകരാതിരിക്കാന്‍ ചീര്‍പ്പ് പങ്കുവയ്ക്കുന്നതും ഒഴിവാക്കുക.
- ഇതുകൂടാതെ പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കണം. സമ്മർദമുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം.
- മറ്റുപലരോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം എന്നതുകൊണ്ട് അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ പ്രകടമായാൽ വിദഗ്ധ നിർദേശം തേടാനും മടികാണിക്കരുത്.




Be the first to comment