തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടു. 2010ൽ കേരളത്തിലെ അൻപത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വൻ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോൽക്കുന്ന സീറ്റുകളിലോ മറ്റിടങ്ങളിലോ ആകരുതെന്ന അഭ്യർത്ഥനയുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
യുവജനപ്രാതിനിധ്യം നിർബന്ധമായും വേണമെന്നത് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. പാർട്ടി പലയിടത്തും അത് മുഖവിലക്കെടുത്തിട്ടുണ്ട്. യുവജന പ്രാതിനിധ്യം ഇത്തവണ പാർട്ടി കാര്യമായി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2010ലെ പോലെ പരിഗണിക്കണം എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യമെന്നും അബിൻവർക്കി പറഞ്ഞു. കേരളത്തിൽ ശക്തമായ യുഡിഎഫ് അനുകൂല വികാരമാണുള്ളത്. മറ്റു കാലങ്ങളിൽ കാണാത്ത മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് എൻ വാസുവിന്റെ അറസ്റ്റോടെ വ്യക്തമായിരിക്കയാണെന്ന് അബിൻ വർക്കി പറഞ്ഞു. എൻ വാസുവാണ് ശബരിമല സ്വർണ്ണക്കൊള്ളയിലെ ഗൂഢാലോചനയിലെ ആദ്യ പ്രതിയെന്ന് കാലാകാലങ്ങളായി കോൺഗ്രസ് പറഞ്ഞതാണ്. സ്വർണപാളികൾ എന്നെഴുതിയ കത്ത് എൻ വാസുവിന്റെ ടേബിളിൽനിന്നാണ് ചെമ്പ് തകിടായി മറിയതെന്ന് കോടതി തന്നെ കണ്ടെത്തിയതാണ്. ഈ കത്ത് മുന്നിലെത്തിയപ്പോൾ ദേവസ്വം പ്രസിഡന്റും ബോർഡ് അംഗങ്ങളും അത് ചെമ്പ് തകിടെന്ന് എഴുതി ഒപ്പിട്ട് കൊടുത്തതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിലെ സാധനസാമഗ്രികൾ കൈമാറിയത്. അടുത്ത വിക്കറ്റ് വീഴാൻ പോകുന്നത് എ പത്മകുമാറിന്റേതാണ്. വാസു അറസ്റ്റിലായാൽ ഏറ്റവും ഒടുവിൽ അറസ്റ്റിലാകാൻ പോകുന്നത് വാസവനായിരിക്കും. വാസുവിൽ നിന്നും വാസവനിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് അന്വേഷണത്തിൽ നിന്ന് മനസിലാക്കാനാകും. ദേവസ്വം മന്ത്രി ഉൾപ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ശബരിമലയിൽ സ്വർണക്കൊള്ള നടന്നിട്ടുള്ളതെന്ന് അബിൻ വർക്കി പറഞ്ഞു.
കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യമന്ത്രി
വീണാ ജോർജിനെ കാലൻ ക്വേട്ടേഷൻ കൊടുത്ത് വിട്ടതാണോയെന്ന സംശയമാണ് കോൺഗ്രസിനുള്ളത്. അവർ ഏത് ആശുപത്രിയാണോ നല്ലതാണെന്ന് പറയുന്നത് അവിടെയെല്ലാം കുത്തഴിഞ്ഞ അവസ്ഥയാണ്. ഇതുപോലെ കുത്തഴിഞ്ഞ ആരോഗ്യ മേഖല മുൻപ് ഉണ്ടായിട്ടില്ല. സർക്കാർ മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ മനഃപൂർവ്വമായി കുറയ്ക്കുന്നത് ആർക്കുവേണ്ടിയാണ്?. അമേരിക്കയിൽ നിന്നെത്തിയ കുത്തകകളാണ് ഇപ്പോൾ കേരളത്തിലെ ആശുപത്രികൾ കൈക്കലാക്കിയിരിക്കുന്നത്. വീണാ ജോർജിനെ പോലെ കഴിവ് കെട്ട ആരോഗ്യ മന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.



Be the first to comment