‘അത് നാറിയ നാടകമായിരുന്നു എന്ന് കാനം തന്നെ പറഞ്ഞു, ആര്‍ഷോ വനിതാ നേതാവിനെ അധിക്ഷേപിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി മുന്‍ എഐഎസ്എഫ് നേതാവ്

എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോ എഐഎസ്എഫ് വനിതാ നേതാവിന് എതിരെ അധിക്ഷേ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം തെറ്റെന്ന് വെളിപ്പെടുത്തല്‍. എഐഎസ്എഫ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും അന്നത്തെ സംഘര്‍ഷത്തില്‍ മര്‍ദനം ഏല്‍ക്കുകയും ചെയ്ത എഎ ഷഹദാണ് പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

എഐഎസ്എഫ് വനിത നേതാവ് ഉന്നയിച്ച ആക്ഷേപം വ്യക്തി വിരോധത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഷഹദ് പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് പ്രശാന്ത് ശിവനും ആര്‍ഷോയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് പ്രതികരണം. പിഎം ആര്‍ഷോയ്ക്ക് എതിരെ അന്ന് എഐഎസ്എഫ് വനിത നേതാവ് നടത്തിയത് നാറിയ നാടകമായിരുന്നു എന്ന് പിന്നീട് നടന്ന എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റിങ്ങില്‍ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, സംഘടന ഈ സത്യം എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരിലേക്ക് പങ്കുവച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എഐഎസ്എഫ് സംസ്ഥാന കൗണ്‍സിലില്‍ നിന്നും താന്‍ രാജി വെച്ചത് എന്നും ഷഹദ് പറയുന്നു.

അന്നത്തെ വിഷയത്തില്‍ ഇപ്പോഴും ആര്‍ഷോയെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കാന്‍ സാധ്യമല്ലെന്നും ഷഹദ് പറയുന്നു. എതിരെ കഴിഞ്ഞ ദിവസം നടന്ന ബിജെപി അക്രമത്തില്‍ രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ എഐഎസ്എഫ് ആര്‍ഷോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ഷഹദ് ആവശ്യപ്പെടുന്നു.

പോസ്റ്റ് പൂർണരൂപം-

രാഷ്ട്രീയ പ്രവർത്തനത്തിൽ പലവിധ ഓഡിറ്റിങിനും നേതാക്കൾ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാൽ, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത്‌ വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ…. പ്രിയ സഖാവേ ആർഷോ….. ലാൽസലാം

പറയാതെ വയ്യ,

MG യൂണിവേഴ്സിറ്റിയിൽ നടന്ന SFI-AISF സംഘട്ടനത്തിൽ അന്നത്തെ SFI എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എം ആര്‍ഷോക്കെതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമായിരുന്നു. വനിത നേതാവിന്റെ വ്യക്തി വിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ AISF സംസ്ഥാന കൗൺസിൽ അംഗവും അന്ന് മർദ്ദനം ഏൽക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന AISF സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സ: കാനം രാജേന്ദ്രൻ റിപ്പോർട്ട്‌ ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം aisf/aiyf പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാൻ aisf സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചത്. ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല.

ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ aisf സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*