തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

തൃക്കാക്കര നഗരസഭയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാകുന്നു. നഗരസഭയില്‍ സിപിഐ തനിച്ച് മത്സരിച്ചേക്കും. സിപിഐയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. 15 മുതല്‍ 20 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം.

നഗര സഭയിലെ സിപിഐയുടെ സിറ്റിങ് വാര്‍ഡുകളായ സഹകരണ റോഡ്, ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി വിജയിച്ച്, പിന്നീട് എല്‍ഡിഎഫിന്റെ ഭാഗമായ പി സി മനൂപിനെ ആണ് ഹെല്‍ത്ത് സെന്റര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം ജിജോ ചിങ്ങംതറയെ സഹകരണ റോഡിലും സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം നീക്കം സിറ്റിങ് സീറ്റ് തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം.

സീറ്റ് തര്‍ക്കം ജില്ലാതലത്തിലുള്ള ചര്‍ച്ചകളിലും പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് സിപിഐ ഒറ്റയ്ക്ക് മത്സരക്കാന്‍ തീരുമാനിച്ചത്. മുന്നണിവിട്ട് മത്സരിക്കാന്‍ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് ജില്ലാ തലത്തില്‍ ചര്‍ച്ചകള്‍ ജില്ലാതലത്തിലേക്ക് നീണ്ടത്. ഇവിടെയും തീരുമാനം ആകാത്ത സാഹചര്യത്തില്‍ മുന്നണിവിട്ട് മത്സരിക്കാന്‍ ജില്ലാ കമ്മിറ്റിയും മൗനാനുവാദം നല്‍കിയെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*