സാധനങ്ങളുടെ വിലക്കയറ്റം പലപ്പോഴും നമ്മുടെയൊക്കെ ബജറ്റിനെ അടിമുടി തകർത്തുകളയാറുണ്ട്. എന്നാൽ ചില പൊടിക്കൈകളിലൂടെ പേഴ്സ് കാലിയാകാതെ ഭക്ഷണ ചെലവു കുറയ്ക്കാൻ സാധിക്കും. ബജറ്റിൽ ഒതുങ്ങി നിന്നു കൊണ്ട് ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ചില പൊടിക്കൈകളുണ്ട്.
ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാം
വിശന്നാൽ പാക് ചെയ്ത സ്നാക്സ്, ഇൻസ്റ്റൻഡ് നൂഡിൽസ് പോലെ യാതൊരു പോഷകങ്ങളുമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരം ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാം. സംസ്കരിച്ച ഭക്ഷണത്തിൽ സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവു കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ വീട്ടിൽ നിന്ന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം പേഴ്സ് കാലിയാകാതെ സൂക്ഷിക്കുകയും ചെയ്യാം.
ഡയറ്റിൽ പ്രോട്ടീൻ വേണം
പരിപ്പ്, ചെറുപയർ, മുട്ട, അല്ലെങ്കിൽ പനീർ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഈ മാർഗം ചെലവുകുറഞ്ഞതും പോഷകസമൃദ്ധവുമാണ്. കൂടാതെ ഇവയ്ക്ക് നീണ്ട ഷെൽഫ് ലൈഫും വിഭവങ്ങൾ പെട്ടെന്ന് ഉണ്ടാക്കാനും കഴിയും.
സീസണൽ പഴങ്ങള്‍/ പച്ചക്കറികൾ
സീസണൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പൊതുവെ ചെലവു കുറവായിരിക്കും. മാത്രമല്ല പോഷകസമൃദ്ധവുമാണ്. ഇതനുസരിച്ച് പാചകം ആസൂത്രണം ചെയ്യുന്നത് ചെലവും കുറയ്ക്കും ഡയറ്റ് കൂടുതൽ പോഷകസമൃദ്ധവുമാക്കും.
ലിസ്റ്റിലുള്ളത് മാത്രം വാങ്ങുക
സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ സാധനങ്ങൾ കാണുമ്പോൾ ആവശ്യമുള്ളവ മറക്കുകയും അത്ര ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന പ്രവണത പലർക്കുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ സാധനങ്ങൾ വാങ്ങേണ്ടതിന്റെ കൃത്യമായ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും വേണം. ഈ മാർഗം നിങ്ങളെ ബജറ്റിൽ ഒതുങ്ങി നിന്ന് ഷോപ്പ് ചെയ്യാൻ സഹായിക്കും.
ഒരു ചേരുവ കൊണ്ട് പല വിഭവങ്ങള്‍
ഒന്നിലധികം വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയുന്ന മുഖ്യമായ ചേരുവ വാങ്ങുന്നത് നിങ്ങളെ ബജറ്റ് ഫ്രണ്ട്ലി ആക്കും. ഉദാഹരണത്തിന് മീന്‍ വാങ്ങുന്നത് ഒരു ദിവസം ഫ്രൈ ചെയ്തു കഴിക്കാനും അടുത്ത ദിവസം കറിവെക്കാനും എടുക്കാം. മസാല ഒരേ ചെരുവയ്ക്ക് പുതുമ നല്കുന്നു. വ്യത്യസ്തമായ രുചിയും ആസ്വദിക്കാം.
സ്റ്റോക്ക് ചെയ്യാം
മുഖ്യമായും വേണ്ട സാധനങ്ങൾ മൊത്തമായി വാങ്ങി സൂക്ഷിക്കുന്നത് ചെലവു കുറയ്ക്കാൻ സഹായിക്കും. അരി, ഗോതമ്പ്, എണ്ണ, മസാലകൾ തുടങ്ങിയ ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കാവുന്നതാണ്. എന്നാൽ കാലാവധി തീരുന്നതിന് മുമ്പ് ഇവയെല്ലാം ഉപയോഗിക്കുകയും വേണം.



Be the first to comment