തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത അവഗണനയെന്ന് തുറന്നടിച്ച് യൂത്ത് കോൺഗ്രസ്. യുവാക്കൾക്ക് വേണ്ടത്ര പരിഗണനയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിലും വെല്ലുവിളിയുള്ള സീറ്റുകളിലും ഒരുപോലെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അങ്ങനെ പരിഗണന കിട്ടിയെന്ന അഭിപ്രായം ഇപ്പോഴത്ത ഘട്ടത്തിലില്ല. അക്കാര്യം താൻ അവകാശപ്പെടുന്നില്ലെന്നും ജനീഷ് പറഞ്ഞു.
കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ യൂത്ത് കോൺഗ്രസിനെ പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ സാഹചര്യങ്ങളുണ്ട്. ഏറ്റവും അവസാനം നടന്ന റായ്പൂർ സമ്മേളനത്തിൽ ഉൾപ്പടെ 50 ശതമാനം സീറ്റ് യുവാക്കൾക്കും 25 ശതമാനം സീറ്റ് വനിതകൾക്കും മാറ്റിവെക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ 50 ശതമാനം എന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമല്ല. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടെയും പട്ടിക കെപിസിസിക്ക് നൽകിയിരുന്നു. ജില്ലയിൽ പരിഗണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് അതത് ഡിസിസികൾക്കും നൽകിയിരുന്നു. എന്നാൽ അത് വേണ്ടവിധം പരിഗണിച്ചില്ല. ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളിലെങ്കിലും ആ പരിഗണന ഉണ്ടാകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനീഷ് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ 30വർഷം പിറകിൽ തന്നെയാണ് പാർട്ടി നിൽക്കുന്നത് എന്ന പരാതി യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരിൽ നിന്നുണ്ട്. അത് നിഷേധിക്കുന്നില്ല. പാർട്ടി നേതൃത്വത്തോട് ഇക്കാര്യം വളരെ ഗൗരവമായി തന്നെ സംസാരിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത രീതിയിലുള്ള പരിഗണന വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചെറുപ്പക്കാരെ മത്സരിപ്പിക്കുന്നത് ഇടതുപക്ഷ സർക്കാരിനെതിരെ ഏറ്റവും മികച്ച ജനവിധി തേടാൻ പാർട്ടിയെ സഹായിക്കും. കെപിസിസിയുടെ സർക്കുലറെല്ലാം ആ തരത്തിലായിരുന്നു. എന്നാൽ താഴെ തലത്തിലുള്ള കമ്മിറ്റികൾ പലതും അത്തരത്തിലുള്ള പോസിറ്റീവ് സമീപനം എടുത്തില്ലെന്നും ജനീഷ് വ്യക്തമാക്കി.
അതിശക്തമായ ജനവിരുദ്ധ വികാരം സർക്കാരിനെതിരെ നിൽക്കുമ്പോൾ എവിടെയെങ്കിലുമൊക്കെ പാർട്ടിയെ സംബന്ധിച്ച് പോരായ്മകൾ ഉണ്ടെങ്കിൽ ചെറുപ്പക്കാരുടെ സാന്നിധ്യം കൊണ്ട് അതിനെ അതിജീവിക്കാൻ സാധിക്കും. ദൗർഭാഗ്യവശാൽ ഇന്ന് കേരളത്തിലെ കെപിസിസിയുടേയും ഡിസിസിയുടേയും പാർട്ടിയുടെ നേതൃനിരയിലുള്ളവരുമെല്ലാം മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും ജില്ലാ പ്രസിഡന്റുമാരുമാണ്. അവരെല്ലാം ഭൂതകാലം മറക്കുന്നുവെന്ന പരാതി തനിക്കുണ്ടെന്നും അത് വ്യക്തിപരമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ജനീഷ് പറഞ്ഞു.
ഇത്രയധികം സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ അതിൽ പരിഗണിക്കപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ എണ്ണം പരിശോധിച്ചാൽ ഞങ്ങളുന്നയിച്ച പരാതി ന്യായമാണെന്ന് പാർട്ടിക്ക് മനസിലാകും. യൂത്ത് കോൺഗ്രസ് നേതാക്കൾ കൊണ്ട തല്ലും അനുഭവിച്ച പ്രയാസങ്ങളും നേരിടുന്ന കേസുകളും റിമാൻഡ് കാലാവധിയും തങ്ങളുടെ നേതാക്കൾക്ക് ലഭിച്ച സീറ്റിന്റെ എണ്ണവും പരിശോധിച്ചാൽ യൂത്ത് കോൺഗ്രസിന്റെ പ്രാതിനിധ്യം സംബന്ധിച്ച് നേതൃത്വത്തിന് പുനർ വിചിന്തനം നടത്തേണ്ടിവരുമെന്നും ഒ ജെ ജനീഷ് പറഞ്ഞു.



Be the first to comment