പിഎം ശ്രീയില്‍ സിപിഐഎമ്മും സിപിഐയും സംയുക്തമായാണ് തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയില്‍ സംയുക്ത തീരുമാനമാണ് എടുത്തതെന്നും അത് വീണ്ടും കുത്തിപ്പൊക്കാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലപാട് കത്ത് മുഖേന കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞുവെന്നും ബിജെപിയുടെ പല നയങ്ങളോടും നേരിട്ട് പോരാടിയ ചരിത്രം സിപിഐയ്ക്കും സിപിഐഎമ്മിനും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ വി ശിവന്‍കുട്ടി നടത്തിയ പ്രസ്താവനയെയും ബിനോയ് വിശ്വം തളളി. ‘ഇന്നത്തെ ശിവന്‍കുട്ടിയുടെ പ്രതികരണം അസ്ഥാനത്തുളളത്. വിജയത്തിന്റെയും പരാജയത്തിന്റെയും അളവുകോല്‍ വെച്ച് അളക്കാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമില്ല. ശിവന്‍കുട്ടി അനുഭവ പരിചയമുളള നേതാവാണ്. ഈ സമയത്ത് പ്രകോപനമുണ്ടാക്കിയത് എന്തിനെന്ന് അറിയില്ല.
പ്രകോപനത്തില്‍ വീഴാന്‍ സിപിഐക്ക് താല്‍പ്പര്യമില്ല. പിഎം ശ്രീയും സമഗ്ര ശിക്ഷാ കേരളാ ഫണ്ടും കൂട്ടിക്കെട്ടേണ്ടത് ആരുടെ ആവശ്യമാണ്? അത് ബിജെപി സര്‍ക്കാരിന്റെ ആവശ്യമാണ്. വാസ്തവത്തില്‍ അത് രണ്ടും രണ്ടാണ്. പിഎം ശ്രീ എന്‍ഇപിയെ ഷോക്കേസ് ആക്കാനുളള പദ്ധതിയാണ്. റൈറ്റ് ടു എഡ്യുക്കേഷന്റെ ഭാഗമാണ് എസ്എസ്കെ. ഫണ്ട് ആരുടെയും തറവാട്ട് വകയല്ല. ധര്‍മേന്ദ്ര പ്രധാന്റെയോ മോദിയുടെയോ വീട്ടുവകയല്ല. അത് രാജ്യത്തിന്റെ ഫണ്ടാണ്. കേരളത്തിന്റെ അവകാശമാണ്’: ബിനോയ് വിശ്വം പറഞ്ഞു. എതിര്‍ക്കേണ്ടവയെ എതിര്‍ക്കാനും നടപ്പിലാക്കേണ്ടവ നടപ്പിലാക്കാനും എല്‍ഡിഎഫിന് കഴിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പി പി ദിവ്യ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതിനെ രാഷ്ട്രീയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ലെന്നുമാണ് വി ശിവൻകുട്ടി പറഞ്ഞത്. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.



Be the first to comment