കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചായുകയാണ്: ശശി തരൂർ

ഹൈദരാബാദ്: കോൺഗ്രസ് ആശയപരമായ കൂടുതൽ ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ നേരിടാനുള്ള ശ്രമത്തിനിടയിലാണ് ഈ ഇടത് ചായ്‌വ് ശക്തമായതെന്ന് ശശി തരൂർ വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന ജ്യോതി കൊമിറെഡി സ്‌മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഒന്നിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശശി തരൂർ. തന്ത്രപരമായ ക്രമീകരണങ്ങൾ കൂടുതൽ വരുത്തിയിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ എടുത്ത് നോക്കുമ്പോൾ മുമ്പത്തേക്കാൾ വളരെയധികം ഇടതുപക്ഷ പാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ് ഒരു അനന്തരഫലമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ കാലഘട്ടത്തിലെ കോൺഗ്രസിനെ അപേക്ഷിച്ച് നിലവിലെ പാർട്ടി കൂടുതൽ ഇടതുപക്ഷത്തേക്ക് മാറി. പണ്ട് പാർട്ടിയുടെ സമീപനം കൂടുതൽ ബോധപൂർവ്വം കേന്ദ്രീകൃതമായിരുന്നു. മുൻ ബിജെപി സർക്കാരിൻ്റെ ചില നയങ്ങൾ അവർ കടമെടുത്തിരുന്നുവെന്ന് ശശി തരൂർ സൂചിപ്പിച്ചു. 1990-കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിൻ്റെ കാലത്ത് കോൺഗ്രസ് നടപ്പിലാക്കിയ ചില നയങ്ങൾ പിന്നീട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ പിന്തുടർന്നതായും ശശി തരൂർ കൂട്ടിച്ചേർത്തു.

1991-2009 കാലഘട്ടത്തിൽ പാർട്ടി കേന്ദ്രികരണ ഭരണമായിരുന്നു പ്രധാനം ചെയ്‌തത്. എന്നാൽ അതിന് ശേഷം അത് മാറാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ പ്രതിപക്ഷത്ത് കഴിയുന്ന കോൺഗ്രസ് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇടതുപക്ഷ പാർട്ടിയായി മാറിയിട്ടുണ്ട്. താൻ പറയുന്നത് താൽക്കാലിക സീറ്റ് തർക്കങ്ങൾക്കും മറ്റും അപ്പുറത്തുള്ള കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി മത്സരിക്കുമോ?

എഐസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിനും ശശി തരൂർ മറുപടി നൽകി. സാഹചര്യങ്ങൾ വളരെ വ്യത്യസ്‌തമാണെങ്കിലല്ലാതെ വീണ്ടും മത്സരിക്കില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. മുമ്പ് മത്സരിച്ചപ്പോൾ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കാൻ താത്‌പര്യമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

കോൺഗ്രസിൽ മാത്രമല്ല, രാജ്യത്തെ എല്ലാ പാർട്ടികളിലും ഉള്ള ജനാധിപത്യം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഭാരവാഹികൾക്ക് ടേം പരിധി ഉണ്ടാകണമെന്നും, ഒരു പാർട്ടിയുടെയും ഭാരവാഹിത്വം ഒരാൾ തന്നെ തുടരുന്നതിനോട് യോചിക്കുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘റാഡിക്കൽ സെൻട്രിസം: ഇന്ത്യയെക്കുറിച്ചുള്ള എന്‍റെ ദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുന്നതിടയിലാണ് ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹി സ്‌ഫോടനം; പിന്നിൽ ഉള്ളവരെ ശിക്ഷിക്കണം

ഡൽഹി സ്‌ഫോടനത്തെ കുറിച്ചും ശശി തരൂർ സംസാരിച്ചു. സർക്കാർ അടുത്തത് എന്താണ് ചെയ്യാൻ പോകുന്നത് തനിക്ക് അറിയില്ലെന്നും പക്ഷേ ഭീകരാക്രമണം ഇനി ആവർത്തിക്കാൻ പാടില്ലെന്നും ശശി തരൂർ പറഞ്ഞു. ഇതിന് പിന്നിൽ ഉള്ളവരെ ശിക്ഷിക്കണമെന്നും പൗരമാരെ സംരക്ഷിക്കേണ്ട കടമ സക്കാരിൻ്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*