ബിഹാറിൽ കസേര പിടിച്ച് നിതീഷ് കുമാർ; ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വന്‍ ലീഡുമായി ജെഡിയു. ബിജെപിയെ പിന്നിലാക്കി ജെഡിയു 76 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.ബിജെപി ലീഡ് ചെയ്യുന്നത് 70 സീറ്റിലും.2020-ൽ 40 സീറ്റു നേടിയ ജെഡിയുവിന്റെ വലിയ തിരിച്ചുവരവാണ് 2025-ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറി.

243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎ മുന്നേറുന്നത്. നിതീഷിനെ കടുവയെന്ന് വിശേഷിപ്പിച്ച് ജെഡിയു ബാനർ ഉയര്‍ന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അതി ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ജെഡിയു പറ്റ്ന ഓഫീസിലാണ് ബാനർ ഉയര്‍ന്നത്. 2025 – 2030 വരെ നിതീഷ് തുടരുമെന്നും ബാനറില്‍ പറയുന്നു.

2020 ലെ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 66.91 ശതമാനമായിരുന്നു ഇത്തവണത്തെ ബിഹാറിലെ പോളിങ്. 62.8 ശതമാനം പുരുഷന്‍മാരും 71.6 ശതമാനം സ്ത്രീകളും തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

എൻഡിഎയുടെ പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തിയിരുന്നു. കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഹാറിൽ തുടർഭരണത്തിന് മോദി ആഹ്വാനം ചെയ്തത്. ‘മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ’ പദ്ധതിയിലൂടെ 10,000 രൂപ വീതം ഓരോ സ്ത്രീയുയും അക്കൗണ്ടിൽ നിക്ഷേപിച്ച നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*