ലണ്ടൻ: ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ ശമ്പളവർധനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഞ്ച് ദിവസത്തെ സമരം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സമരം തുടരുകയാണെങ്കിൽ എൻഎച്ച്എസിന് ജീവനക്കാരെ കുറയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈയിലെ സമരം എൻഎച്ച്എസിന് 300 മില്യൺ പൗണ്ട് അധിക ചിലവ് വരുത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 മാർച്ചിനു ശേഷമുള്ള പതിമൂന്നാമത്തെ സമരമാണിത്.
കഴിഞ്ഞ തവണ സമരം നടന്നപ്പോൾ 54,000-ത്തിലധികം പരിശോധനകളും നിയമനങ്ങളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. ഇതോടെ രോഗികൾക്ക് ചികിത്സ കിട്ടാൻ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫ്ലൂ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ ശീതകാലത്ത് ആരോഗ്യ സേവനങ്ങൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രൈറ്റിങ് ആവർത്തിച്ചു. അതേസമയം, അടിയന്തിര സേവനങ്ങൾക്ക് ബാധ്യതയുണ്ടാകുന്നില്ലെങ്കിൽ സമരത്തിൽ നിന്നു ഡോക്ടർമാർ പിന്മാറില്ലെന്ന നിലപാടും സംഘടന വ്യക്തമാക്കി. എൻഎച്ച്എസിന്റെ മുൻകൂട്ടിയുള്ള അറിയിപ്പ് രോഗികൾക്ക് ലഭിച്ചില്ലെങ്കിൽ നിശ്ചയിച്ചിരിക്കുന്ന ചികിത്സക്ക് ഹാജരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.



Be the first to comment