ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്ന കാര്യം ഉറപ്പാണ്. നിതീഷിൻ്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ടേം വ്യവസ്ഥ ആവശ്യം ബി ജെ പി ചർച്ചകളിൽ ഉന്നയിച്ചേക്കും.
എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഉപമുഖ്യമന്ത്രി പദം അടക്കം ബി ജെ പി ആവശ്യപ്പെടും. ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ വസതിയിലെത്തിയ ബി ജെ പി നേതാക്കൾ പ്രാഥമിക ചർച്ച തുടങ്ങിക്കഴിഞ്ഞു. അന്തിമ കണക്ക് പ്രകാരം ബി ജെ പി 89 ഉം ജെഡിയു 85 ഉം സീറ്റുകളാണ് നേടിയത്. പ്രതിപക്ഷ നിരയിൽ 25 സീറ്റ് നേടിയ ആർജെഡി മാത്രമാണ് രണ്ടക്കം കടന്നത്. കോൺഗ്രസ് 6 സീറ്റിലേക്കും ഇടത് പാർട്ടികൾ എല്ലാം ചേർന്ന് 3 സീറ്റിലേക്കും ഒതുങ്ങി.
അതേസമയം, ബിഹാറിലെ കനത്ത പരാജയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാകും. സഖ്യത്തിന്റെ നിലനിൽപ്പിനു പോലും ബിഹാർ ഫലം ഭീഷണിയാകും. സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് ബിഹാറിലെ തോൽവിക്ക് മറുപടി പറയേണ്ടി വരും.
വോട്ടുചോരി പ്രചരണത്തിൽ പ്രധാന അജണ്ടയാക്കിയതിലും തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ തുടക്കത്തിൽ മടി കാണിച്ചെങ്കിലും,ആദ്യഘട്ട വോട്ടെടുപ്പിന് തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി ബിഹാർ കൈവിടുമെന്ന സന്ദേശം നൽകിയതിലും സഖ്യകക്ഷിക്കൾക്ക് കോൺഗ്രസിനോട് കടുത്ത അതൃപ്തിയുണ്ട്. കനത്ത പരാജയത്തിന് പിന്നാലെ സഖ്യകക്ഷികൾ ഈ അതൃപ്തി പരസ്യമാക്കും. എൻസിപിയും ടിഎംസിയും നേരത്തെ തന്നെ കോൺഗ്രസിന്റെ സമീപനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ എക്കാലവും ഉറച്ചു നിന്ന ആർജെഡി കൂടി കൈവിട്ടാൽ കോൺഗ്രസ് പ്രതിസന്ധിയിലാകും. രണ്ടാഴ്ചക്കകം ശീതകാല സമ്മേളനം, ആരംഭിക്കാനിരിക്കെ പാർലമെന്റിലും കോൺഗ്രസ് പ്രതിരോധത്തിലാകും.



Be the first to comment