ശിവപ്രിയയുടെ മരണം; വിദഗ്‌ധ സമിതി റിപ്പോർട്ട് തള്ളി കുടുംബം, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തൽ അംഗീകരിക്കാതെ കുടുംബം. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് ശിവപ്രിയയുടെ കുടുംബം.

എസ് എ ടി ആശുപത്രിയിൽ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതിയുടെ ബന്ധുക്കൾ. എന്നാൽ ഈ വാദങ്ങൾ എല്ലാം പൂർണ്ണമായും തള്ളുന്നതാണ് വിദഗ്ധസമിതി റിപ്പോർട്ട്. ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയെണെന്നുമുള്ള കണ്ടെത്തലുമുണ്ട്. റിപ്പോർട്ട് ഉടൻതന്നെ DME സർക്കാറിന് കൈമാറും.

ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോക്ടർ ലത, സർജറി വിഭാഗം മേധാവി ഡോക്ടർ സജീവ് കുമാർ , കോട്ടയം മെഡിക്കൽ കോളജിലെ ഇൻഫെഷ്യസ് ഡിസീസസ് വിഭാഗം മേധാവി ജൂബി ജോൺ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. വിദഗ്ധസമിതി ബന്ധുക്കളുടെയും ഡോക്ടർമാരുടെയും മൊഴി നേരെത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*