വയോധികനെ തെരുവുനായ കടിച്ചുകൊന്നു; ആക്രമണം റോഡരികിൽ കിടന്നു ഉറങ്ങുമ്പോൾ

മംഗളൂരുവില വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെയാണ് ശരീരത്തിൽ രക്തം പുരണ്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് കൂടി ഇയാൾ നടക്കുന്നത് ചിലർ കണ്ടതായി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

കുമ്പളയിലെ ഒരു വീടിന്റെ കോമ്പൗണ്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ ദയാനന്ദ ഗാട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു, അദ്ദേഹത്തിന്റെ അറ്റുപോയ ഒരു കണ്ണ് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ ഒന്നിലധികം പരുക്കുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപം ഒരു നായയെ ആളുകൾ കണ്ടിരുന്നു. അത് അവരെ കണ്ട് ഓടി രക്ഷപ്പെട്ടു.

ശരീരത്തിലെ ചില പരുക്കുകൾ ഒരു മൃഗത്തിന്റെ ആക്രമണത്തിന്റെ സൂചനയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലം സന്ദർശിച്ച ഫോറൻസിക് ഡോക്ടർ മരണം ഒരു മൃഗത്തിന്റെ ആക്രമണത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് കമ്മീഷണർ പറഞ്ഞു.

വായിൽ രക്തവുമായി ഒരു നായ സഞ്ചരിക്കുന്നത് ആളുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞ കമ്മീഷ്ണർ, പിന്നീട് ആ നായയെ പിടികൂടിയതായും ചൂണ്ടിക്കാട്ടി. അതിന്റെ ശരീരമാകെ രക്തക്കറകൾ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*